ആംസ്റ്റൽവീൻ (നെതർലൻഡ്‌സ്): നെതർലൻഡ്‌സിനെതിരായ വനിതാ ഹോക്കി ലോകകപ്പ് മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഓസ്‌ട്രേലിയക്കെതിരേയുള്ള മത്സരം ഇനി ഇന്ത്യക്ക് നിർണായകമാണ്. നെതർലൻഡ്‌സിനെതിരേ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മത്സരത്തിൽ ടീമുകൾ ധരിച്ച ജേഴ്‌സി ചർച്ചാവിഷയമായി. പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി ജേഴ്‌സിയിലാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങിയത്.

To advertise here,

അടുത്തിടെയാണ് ഇന്ത്യൻ ഹോക്കി ടീം ഇത്തരമൊരു മാറ്റം വരുത്തിയത്. അതോടെ ലോകകപ്പിൽ പുരുഷ, ഹോക്കി ടീം കാവി ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങാനും തുടങ്ങി. പതിറ്റാണ്ടുകളായി ധരിക്കാറുള്ള നീല നിറത്തിലുള്ള ജേഴ്‌സിക്ക് പകരം കാവി ജേഴ്‌സിയുമായാണ് കഴിഞ്ഞദിവസവും ഇന്ത്യൻ താരങ്ങൾ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയത്. ഇന്ത്യ കാവി ജേഴ്‌സിയിലേക്ക് മാറിയപ്പോൾ നെതർലൻഡ്‌സാകട്ടെ നീല ജേഴ്‌സിയിലേക്കും മാറി. ഇത് മൈതാനത്തെ കൗതുകകാഴ്ചയായി മാറി. സാധാരണയായി ഓറഞ്ച് ജേഴ്‌സിയിലാണ് നെതർലൻഡ്‌സ് ടീം കളിക്കാറുള്ളത്.

നിലവിൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾ നടക്കുന്നത് നീല നിറത്തിലുള്ള സിന്തറ്റിക് പിച്ചുകളിലാണ്. ഇന്ത്യൻ കളിക്കാർ നീല ജേഴ്‌സി ധരിക്കുമ്പോൾ അത് പിച്ചിന്റെ നിറവുമായി കലർന്നുപോകുന്നതായും ഇത് കളിക്കാർക്ക് ഫീൽഡിലെ വ്യക്തതയെ ബാധിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പരിശീലകരുടെയും കളിക്കാരുടെയും നിർദേശപ്രകാരം ഈ മാറ്റം വരുത്തിയത്.

നീലയ്ക്ക് പകരമായി മഞ്ഞയോ കാവിയോ ഉപയോഗിക്കാനാണ് താരങ്ങളും പരിശീലകരും നിർദേശിച്ചത്. ദേശീയ പതാകയിലെ ഒരു നിറമായതിനാലും, അത് ധീരതയെയും ത്യാഗത്തെയും ദേശീയ അഭിമാനത്തെയും പ്രതിനിധീകരിക്കുന്നതിനാലും ഒടുവിൽ കാവി നിറം തിരഞ്ഞെടുക്കുകയായിരുന്നു വിശദീകരണം. അതേസമയം കാവി നിറം തിരഞ്ഞെടുത്തതിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. നെതർലൻഡ്സിന് നീല ജേഴ്സി ധരിക്കാമെങ്കിൽ ഇന്ത്യക്കും ധരിച്ചൂടെയെന്നും പലരും ചൂണ്ടിക്കാട്ടി. നെതർലൻഡ്സിന് ഫീൽഡിലെ വ്യക്തതയെ ബാധിക്കുന്ന പ്രശ്നമില്ലേയെന്നും ചിലർ ചോദിച്ചു.

നെതർലൻഡ്‌സിനായി യിബ്ബി ജാൻസൺ (2), ഫെഡറിക് മാറ്റ്‌ല (38) എന്നിവരാണ് ഗോൾ നേടിയത്. പൂളിലെ മറ്റൊരു മത്സരത്തിൽ ചൈനയും ഓസ്‌ട്രേലിയയും സമനിലയിൽ പിരിഞ്ഞു.(1-1). ഞായറാഴ്ച ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. പൂളിലെ ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിൽ കടക്കും. ഓസ്‌ട്രേലിയയെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിസാധ്യതയുണ്ട്.