ഭുവനേശ്വർ: ഒളിമ്പിക് സ്വർണജേതാവായ ജാവലിൻ താരം നീരജ് ചോപ്ര ബുധനാഴ്ച വീണ്ടും മത്സരരംഗത്ത്. ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സിൽ മത്സരിക്കാൻ നീരജ് ഒരുങ്ങി. മറ്റൊരു പ്രധാനതാരം കിഷോർകുമാർ ജെനയും മത്സരരംഗത്തുണ്ട്. ഇരുവരും പാരീസ് ഒളിമ്പിക്‌സിന് നേരത്തേ യോഗ്യതനേടിയിരുന്നു.

To advertise here,

രാത്രി ഏഴുമണിക്കാണ് ജാവലിൻ മത്സരം തുടങ്ങുന്നത്. നീരജും കിഷോറും നേരിട്ട് ഫൈനലിൽ മത്സരിക്കും. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് നീരജ് ഇന്ത്യയിൽ മത്സരിക്കുന്നത്. കഴിഞ്ഞയാഴ്ച ദോഹ ഡയമണ്ട് ലീഗിൽ രണ്ടാംസ്ഥാനം നേടിയശേഷമാണ് നീരജ് ഇന്ത്യയിലേക്ക് തിരിച്ചത്. അവിടെ 88.36 മീറ്റർ എറിഞ്ഞു.

ടോക്യോ ഒളിമ്പിക്‌സിലും ഇക്കഴിഞ്ഞ ലോക അത്‌ലറ്റിക് മീറ്റിലും സ്വർണജേതാവായ നീരജിന്റെ മികച്ച പ്രകടനം 89.94 മീറ്ററാണ്. ഒളിമ്പിക്‌സ് മുന്നൽനിൽക്കെ 90 മീറ്റർ മറികടക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ ലക്ഷ്യം ഇന്ത്യയിൽ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയോടെ ആരാധകരും കാത്തിരിക്കുന്നു.