സിങ്കപ്പുര്‍: 140 കോടി ജനങ്ങള്‍ക്ക് ഇതാ ലോകചാമ്പ്യന്‍. ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ദൊമ്മരാജു ചതുരംഗക്കളത്തില്‍ പുതുചരിത്രമെഴുതി ലോക ചാമ്പ്യനായി. നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അവസാന ഗെയിംസില്‍ അട്ടിമറിച്ചാണ് 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് കിരീടം സ്വന്തമാക്കിയത്. കൃത്യമായി പറഞ്ഞാല്‍ 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ലോക ചാമ്പ്യനാകുമ്പോള്‍ ഗുകേഷിന്റെ പ്രായം. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍. 

To advertise here,

14 ഗെയിമുകളുടെ പോരാട്ടത്തില്‍ ആദ്യം പിന്നിലാകുകയും പിന്നെ ഒപ്പം പിടിക്കുകയും അതിന് ശേഷം ഒരിഞ്ചും വിടാതെ സമനിലകള്‍. പതിനൊന്നാം ഗെയിമില്‍ വിജയിച്ച് ലീഡെടുത്തു. എന്നാല്‍ തൊട്ടടുത്ത കളിയില്‍ തോല്‍വി നേരിട്ടതോടെ ആശങ്കയായി. 13 ാം ഗെയിമില്‍ സമനില. സസ്പെന്‍സിലേക്ക് നീണ്ട പതിനാലാം ഗെയിമില്‍ വെള്ളക്കരുക്കളുടെ ആനുകൂല്യം ലിറനുണ്ടായിരുന്നെങ്കിലും മനസ്സാന്നിധ്യം  കൈവിടാതെ ഗുകേഷ് വിജയം പിടിച്ചെടുത്ത് ചരിത്രമെഴുതുകയായിരുന്നു. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം. നിര്‍ണായകമായ പതിനാലാം ഗെയിമില്‍ വിജയിച്ചതോടെ ചാമ്പ്യനാകാനുള്ള കൃത്യം 7.5 പോയന്റ് ഗുകേഷ് സ്വന്തമാക്കി. ലിറന് 6.5 പോയന്റ്

ഈ വിജയത്തോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുഗേഷ് മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായത്. ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരേ നിര്‍ണായക ജയം ഗുകേഷ് സ്വന്തമാക്കി. 

വിശ്വനാഥന്‍ ആനന്ദിലൂടെ തുടങ്ങിയ ചതുരംഗക്കളത്തിലെ ഇന്ത്യന്‍ അശ്വമേധം ഗുകേഷിലൂടെ പുതിയൊരു അധ്യായം കുറിക്കപ്പെട്ടു. 24 വര്‍ഷം മുമ്പ് ഇതുപോലെ 2000 ത്തിലെ ഡിസംബറില്‍ ക്രിസ്മസ് തലേന്നാണ് വിശ്വനാഥന്‍ ആനന്ദ് വിശ്വ വിജയിയായത്. അലക്സി ഷിറോവിനെ തോല്‍പിച്ച് ചാമ്പ്യനായപ്പോള്‍ ഏഷ്യയിലെ ആദ്യ ലോക ചാമ്പ്യനും ആനന്ദായിരുന്നു. 

ചെസ്സില്‍ ഇന്ത്യയുടെ സുവര്‍ണ വര്‍ഷമാണിത്. മൂന്നു മാസം മുമ്പ് ചെസ് ഒളിമ്പ്യാഡില്‍ ഇരട്ടസ്വര്‍ണവുമായി ലോക ചെസ്സിന്റെ നെറുകയിലേക്ക്  ഇന്ത്യ തുടങ്ങിയ പ്രയാണമാണ് ഗുകേഷിലൂടെ പൂര്‍ണമാകുന്നത്. ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണമണിഞ്ഞു. ഓപ്പണ്‍ വിഭാഗത്തില്‍ ഗുകേഷിനൊപ്പം അര്‍ജുന്‍ എരിഗാസി, ആര്‍ പ്രഗ്‌നാനന്ദ, വിദിത്ത് ഗുജറാത്തി, പി ഹരികൃഷ്ണ എന്നിവരടങ്ങുന്ന ടീമാണ് ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണം നേടിയത്.