തിരുവനന്തപുരം: കേരളത്തിലെ യുവ ബാസ്‌ക്കറ്റ്‌ബോൾ താരങ്ങളുടെ വളർച്ചയ്ക്കായി കൃത്യമായ പാതയൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള ബാസ്‌ക്കറ്റ് ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 'ബാസ്‌ക്കറ്റ്‌ബോൾ ലീഗ് കേരള' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാർട്ടിങ് ഫൈവ് 2026 മെയ് 27 മുതൽ ജൂൺ 6 വരെ കൊച്ചി റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ (RSC) വെച്ചാണ് പത്ത് ദിവസത്തെ ലീഗ് സംഘടിപ്പിക്കുന്നത്. ബാസ്‌ക്കറ്റ്‌ബോൾ ലീഗ് കേരള യുടെ ആദ്യ സീസണിൽ വിവിധ വിഭാഗങ്ങളിലായി 72 മത്സരങ്ങളുണ്ടാകും.

To advertise here,

തിരുവനന്തപുരം ക്യാപിറ്റൽസ്, കോട്ടയം ബൈസൺസ്, ആലപ്പുഴ ഡോൾഫിൻസ്, കൊച്ചി സ്റ്റാലിയൻസ്, തൃശൂർ ടസ്‌ക്കേഴ്സ്, കാലിക്കറ്റ് വാരിയേഴ്സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗിൽ പരസ്പരം ഏറ്റുമുട്ടുക. ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനവും കായിക മന്ത്രി നിർവ്വഹിച്ചു. ലീഗിന്റെ ഔദ്യോഗിക ഗാനവും, 'ഡങ്കൻ' (Duncan) എന്ന് പേരിട്ടിരിക്കുന്ന ഭാഗ്യചിഹ്നവും ചടങ്ങിൽ പുറത്തിറക്കി. യുവത്വത്തിന്റെ കരുത്തിനെയും കായിക ഐക്യത്തെയുമാണ് 'ഡങ്കൻ' പ്രതിനിധീകരിക്കുന്നത്.

അണ്ടർ-14, അണ്ടർ-19 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി, കേവലം ടൂർണമെന്റുകൾക്ക് അപ്പുറം ഒരു സമഗ്ര വികസന പദ്ധതിയായാണ് ബാസ്‌ക്കറ്റ്‌ബോൾ ലീഗ് കേരള വിഭാവനം ചെയ്തിരിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ, ജില്ലാതല സ്‌കിൽ ചലഞ്ചുകൾ, റീജിയണൽ ട്രയലുകൾ, ഡിജിറ്റൽ ലേലം എന്നിവ അടങ്ങുന്ന വിപുലമായ സംവിധാനമാണിത്.

തിരുവനന്തപുരം നഗരത്തിലെ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകളുടെ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയ 'ബാസ്‌ക്കറ്റ്‌ബോൾ കോർട്ട് ഡിജിറ്റൽ അറ്റ്ലസ് - തിരുവനന്തപുരം' ചടങ്ങിൽ പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തുല്യമായ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ഡാറ്റാ അധിഷ്ഠിതമായ ഈ മാപ്പിംഗ് വലിയ സഹായമാകും. കേരളത്തിന്റെ വനിതാ നാഷണൽ ചാമ്പ്യന്മാരെ ചടങ്ങിൽ ആദരിച്ചു.

ബാസ്‌കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ കുൽവിന്ദർ സിംഗ് ഗിൽ, കേരള ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ, കൊച്ചി റീജണൽ സ്‌പോർട്‌സ് സെന്റർ (ഞടഇ) സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവർ, ഐആർഎസ് (റിട്ട.) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.