
റാഞ്ചി: കഴിഞ്ഞവർഷം െകാച്ചിയിൽ കൈവിട്ട സ്വർണം ആൻസി സോജൻ ഇക്കുറി തിരിച്ചുപിടിച്ചു. ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് ലോങ് ജംപ് മത്സരത്തിൽ സ്ഥിരം എതിരാളി യു.പി.യുടെ ശൈലി സിങ്ങിനെ (6.58 മീ.) രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് നാവികസേനയ്ക്കുവേണ്ടിയിറങ്ങിയ മലയാളിയായ ആൻസിയുടെ (6.75 മീ.) സ്വർണനേട്ടം.
കഴിഞ്ഞവർഷം 6.46 മീറ്റർ ചാടിയ ആൻസി വെള്ളികൊണ്ട് തൃപ്തിപ്പെട്ടിരുന്നു. 2024-ൽ ബെംഗളൂരുവിൽ കുറിച്ച (6.71) റെക്കോഡാണ് ആൻസി തിരുത്തിക്കുറിച്ചത്. കഴിഞ്ഞവർഷം ശൈലി സിങ് കുറിച്ച 6.64 മീ. എന്ന മീറ്റ് റെക്കോഡും ആൻസി മറികടന്നു. എന്നിട്ടും കോമൺവെൽത്ത് ഗെയിംസ് യോഗ്യത (6.84) മറികടക്കാൻ ആൻസിക്കായില്ല.
തൃശ്ശൂർ നാട്ടികയിൽ എടപ്പള്ളി വീട്ടിൽ സോജന്റെയും ജാൻസിയുടെയും മകളാണ് ആൻസി. അനൂപ് ജോസഫാണ് പരിശീലകൻ. 2022 ഏഷ്യൻ ഗെയിംസ്, 2024 ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളിമെഡൽ ജേതാവാണ്. വനിതകളുടെ ഡിസ്‌കസ് ത്രോയിൽ മലയാളിയായ കൃഷ്ണ ജയശങ്കർ (55 മീ.) വെങ്കലം നേടി. ജെ.എസ്. ഡബ്ല്യു. താരം സീമയ്ക്കാണ് (57.29) സ്വർണം. റിലയൻസിനുവേണ്ടിയിറങ്ങിയ കൃഷ്ണ മുൻ ഇന്ത്യൻ ബാസ്‌കറ്റ് ബോൾ നായകൻ സി. ജയശങ്കർ മേനോന്റെയും ഇന്ത്യൻ ബാസ്‌കറ്റ് ബോൾ ക്യാപ്റ്റനായിരുന്ന, ദേശീയ സെലക്ടർകൂടിയായ പ്രസന്നയുടെയും മകളാണ്. ഇനി ഷോട്ട്പുട്ടിലും കൃഷ്ണയ്ക്ക് മത്സരമുണ്ട്.
100 മീറ്ററിൽ അനിമേഷിന് ദേശീയ റെക്കോഡ്
പുരുഷന്മാരുടെ 100 മീറ്റർ ഹീറ്റ്‌സിൽ വെള്ളിയാഴ്ച രണ്ടുതവണ ദേശീയ റെക്കോഡ് ഭേദിക്കപ്പെട്ടു. നിലവിലെ ദേശീയ റെക്കോഡ് ഒഡിഷയുടെ അനിമേഷ് കുജൂറിന്റെ പേരിലായിരുന്നു (10.18 സെ.) ഒന്നാം സെമിഫൈനലിൽ റിലയൻസിന്റെ ഗുരിന്ദർവീർ സിങ്ങാണ് ആദ്യം ദേശീയ റെക്കോഡ് തിരുത്തിയത് (10.17 സെ.). തൊട്ടടുത്ത സെമിഫൈനലിൽ 10.15 സെക്കൻഡിൽ ഓടിയെത്തി അനിമേഷ് കുജൂർ റെക്കോഡ് തിരിച്ചുപിടിച്ചു.
Content Highlights: Ancy Sojan won gold in long jump with a 6.75m leap., She surpassed Shaili Singh's previous meet record of 6.64m., Animesh Kujur set a new national record in 100m sprint (10.15s)., Krishna Jayashankar secured bronze in women's discus throw.
Published: 23 May 2026, 07:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented