കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ടെന്നീസ് താരങ്ങൾക്ക് പുതിയ ആഭ്യന്തര മത്സരക്കളമൊരുക്കുമെന്ന് ഓൾ ഇന്ത്യ ടെന്നിസ് ഫെഡറേഷൻ. ജൂലൈയോടെ മത്സരങ്ങൾ നടത്താനാണ് എഐടിഎ ഉദ്ദേശിക്കുന്നത്. പ്രസ്താവനയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

To advertise here,

ലോക്ക്ഡൗൺ ആരംഭിച്ചതോടെ കായികലോകം മത്സരങ്ങൾ നടക്കാതെ സ്തംഭിച്ച അവസ്ഥയിലാണ്. ഇന്ത്യൻ ടെന്നീസും ലോകത്തിലെ ടെന്നീസ് സംവിധാനമാകെയും കൊറോണയുടെ ഭീതിയിലമർന്നിരിക്കുകയാണ്. ജൂലൈ 13 വരെയുള്ള എഐടിഎ, ഐടിഎഫ് ആഭിമുഖ്യത്തിലുള്ള മത്സരങ്ങളൊന്നാകെ റദ്ദ് ചെയ്തിരിക്കുകയാണ്.

എല്ലാ പ്രായക്കാർക്കുമുള്ള മത്സരങ്ങളായിരിക്കും ഫെഡറേഷൻ നടത്തുക. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരിക്കും അത്. യാത്രാ വിലക്കുള്ളതിനാൽ സംസ്ഥാനതലത്തിൽ മാത്രമായിരിക്കും മത്സരങ്ങൾ നടക്കുകയെന്നും അവർ അറിയിച്ചു. യാത്രാവിലക്കും സാമൂഹിക അകലവും ഇളവുചെയ്യുന്ന മുറയ്ക്ക് സോണൽ, ദേശീയതല മത്സരങ്ങൾ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായിരിക്കും ഉണ്ടാവുക.

Content Highlights: AITA, revamped domestic circuit to support struggling players, Covid 19