
മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡ്-വിയ്യാറയല്‍ മത്സരശേഷം വിയ്യാറയല്‍ താരം അലക്‌സ് ബെനയുടെ മുഖത്തടിച്ച് റയലിന്റെ യുറഗ്വായ് താരം ഫെഡറിക്കോ വാല്‍വെര്‍ദെ. മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് റയല്‍ പരാജയപ്പെട്ടിരുന്നു. മത്സര ശേഷം ട്വിറ്ററിലൂടെ ബെന തന്നെയാണ് മുഖത്തടിച്ച സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
മത്സര ശേഷം ടീം ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നിടത്ത് കാത്തുനിന്നാണ് വാല്‍വെര്‍ദെ, ബെനയുടെ മുഖത്തടിച്ചതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ ജനിച്ച തന്റെ മകനെ കുറിച്ച് മോശമായി സംസാരിച്ചതിനാണ് വാല്‍വെര്‍ദെ, ബെനയെ മര്‍ദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും വാല്‍വെര്‍ദെയ്‌ക്കെതിരേ പരാതി നൽകേണ്ടെന്നാണ് വിയ്യാറയലിന്റെ തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരു ടീമുകളും തമ്മില്‍ ജനുവരിയില്‍ നടന്ന കോപ്പ ഡെല്‍ റേ മത്സരത്തിനിടെ ബെന, വാല്‍വെര്‍ദെയുടെ കുട്ടിക്കെതിരേ പറഞ്ഞ കാര്യമാണ് പ്രകോപനത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ട്. വാല്‍വെര്‍ദെയുടെ ഭാര്യ മിന ബോണിനോ ഗര്‍ഭിണിയായിരുന്ന സമയമായിരുന്നു അത്. അന്ന് നടന്ന മത്സരത്തിനിടെ 'നീ കരയുമെന്നും, നിന്റെ കുഞ്ഞ് ജനിക്കാന്‍ പോകുന്നില്ലെ'ന്നും ബെന, വാല്‍വെര്‍ദെയോട് പറഞ്ഞുവെന്നാണ് സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടയിലും ബെന കുഞ്ഞിനെ കുറിച്ച് മോശമായി സംസാരിച്ചതോടെ വാല്‍വെര്‍ദെ പ്രതികരിക്കുകയായിരുന്നു.
Content Highlights: Villarreal player allegedly hit by real madrid s Valverde
Published: 09 Apr 2023, 06:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented