സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും വിജയതീരത്തേക്ക് അടുക്കുകയാണ് ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയുടെ മികവില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെതിരേ മേധാവിത്വം സ്ഥാപിച്ചു. ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ ഇംഗ്ലണ്ടിന് ഇനി വിജയിക്കാന്‍ വേണ്ടത് 358 റണ്‍സാണ്. 

To advertise here,

മത്സരത്തിന്റെ നാലാം ദിനം രസകരമായ ഒരു സംഭവം അരങ്ങേറി. ബാറ്റുകൊണ്ട് മായാജാലം തീര്‍ക്കുന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പന്തുകൊണ്ട് ഉസ്മാന്‍ ഖവാജയെ വിറപ്പിച്ചു. സ്പിന്‍ ബൗളറായ റൂട്ട് തകര്‍പ്പന്‍ ബൗണ്‍സറെറിഞ്ഞാണ് ഖവാജയെ ഞെട്ടിച്ചത്. 48-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. 

റൂട്ടെറിഞ്ഞ അവസാന പന്ത് അസാധാരണമായ വേഗം കൈവരിച്ച് മികച്ചൊരു ബൗണ്‍സറായി മാറി. മണിക്കൂറില്‍ 93 കിലോമീറ്റര്‍ വേഗത്തില്‍ വന്ന പന്ത് ഖവാജയുടെ തലയിലിടിക്കുമായിരുന്നു. എന്നാല്‍ അതിവേഗത്തില്‍ തന്നെ കുനിഞ്ഞതുകൊണ്ട് ഖവാജ രക്ഷപ്പെട്ടു. പന്ത് തലയ്ക്ക് മുകളിലൂടെ പറന്നു. ഇത് ഫസ്റ്റ് ബൗണ്‍സാണെന്ന് കാണിച്ച് ഖവാജ റൂട്ടിനെനോക്കി ചിരിച്ചു. റൂട്ടും ചിരിച്ചുകൊണ്ട് ഖവാജയുടെ അടുത്തെത്തി ക്ഷമാപണം നടത്തി. 

റൂട്ടിന്റെ ഈ ബൗണ്‍സര്‍ ചുരുങ്ങിയ നേരംകൊണ്ടുതന്നെ ആരാധകര്‍ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. മത്സരത്തില്‍ ഖവാജ പുറത്താവാതെ 101 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ഖവാജ 137 റണ്‍സാണ് അടിച്ചെടുത്തത്. ആഷസ് പരമ്പര നേരത്തേതന്നെ ഓസ്‌ട്രേലിയ സ്വന്തമാക്കിയിട്ടുണ്ട്. 

Content Highlights: Spinner Joe Root Surprises Usman Khawaja With A Bouncer During Fourth Ashes Test