വാഷിങ്ടണ്‍: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ആദരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസിലൊരുക്കിയ വിരുന്നിലാണ് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ അപ്രതീക്ഷിത സാന്നിധ്യം. ചടങ്ങില്‍ ട്രംപ് നടത്തിയ പ്രസംഗത്തില്‍ റൊണാള്‍ഡോയെ പ്രത്യേകം പരാമര്‍ശിക്കുകയും തന്റെ മകന് ഇതിഹാസത്തെ പരിചയപ്പെടുത്തിയതായി പറയുകയും ചെയ്തു.

To advertise here,

വിരുന്നില്‍ പങ്കെടുത്തതിന് ക്രിസ്റ്റ്യാനോയോട് ട്രംപ് നന്ദി പറഞ്ഞു. തന്റെ ഇളയമകനായ ബാരണ്‍ റൊണാള്‍ഡോയുടെ വലിയ ആരാധകനാണെന്നും താരത്തെ കാണാന്‍ കഴിഞ്ഞതില്‍ അവന്‍ സന്തോഷവാനാണെന്നും ട്രംപ് പറഞ്ഞു. 'ബാരണ് ഇപ്പോള്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞു. ഞാനാണ് നിങ്ങളെ പരിചയപ്പെടുത്തിയത് എന്നതുകൊണ്ടുമാത്രം ഇപ്പോള്‍ അവന് അവന്റെ അച്ഛനോട് കുറച്ചുകൂടി ബഹുമാനം തോന്നിയിട്ടുണ്ടാകുമെന്ന് കരുതുന്നു', ട്രംപ് പറഞ്ഞു. 19 വയസ്സാണ് ബാരണിന്.

ട്രംപ്, കിരീടാവകാശി, ഇരുരാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍, ആപ്പിള്‍ സിഇഒ ടിം കുക്ക്, ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തുടങ്ങിയവര്‍ സംസാരിച്ച സ്ഥലത്തിനടുത്തുള്ള ഈസ്റ്റ് റൂമിന്റെ മുന്‍നിരയിലായിരുന്നു റൊണാള്‍ഡോയുടെ ഇരിപ്പിടം. പ്രസംഗത്തില്‍ റൊണാള്‍ഡോയെ പ്രത്യേകം പരാമര്‍ശിച്ച ട്രംപ്, വന്നതിന് അഞ്ച് തവണ നന്ദി പറയുകയും ചെയ്തു.

2014-ന് ശേഷം റൊണാള്‍ഡോ യുഎസില്‍ കളിച്ചിട്ടില്ല. 2022 അവസാനത്തില്‍ സൗദി ക്ലബ്ബായ അല്‍ നസറില്‍ ചേര്‍ന്നതുമുതല്‍ സൗദി ഫുട്‌ബോള്‍ ലീഗിന്റെ പ്രധാന മുഖമാണ് റൊണാള്‍ഡോ. പ്രതിവര്‍ഷം 200 മില്യണ്‍ ഡോളറിന്റെ കരാറിലാണ് അദ്ദേഹം ക്ലബ്ബിലെത്തിയത്. 2026 ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്ന് റൊണാള്‍ഡോ ഈ മാസം പ്രഖ്യാപിച്ചിരുന്നു. യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് ടൂര്‍ണമെന്റ്.