ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നു. ഇനിമുതല്‍ ഈ പുരസ്‌കാരം മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം എന്ന പേരില്‍ അറിയപ്പെടും. 

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. 41 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്. 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിലേക്ക് ഹോക്കിയിലൂടെ ഒരു മെഡല്‍ വരുന്നത്. 

വിരാട് കോലി, സര്‍ദാര്‍ സിങ്, സാനിയ മിര്‍സ, എം.എസ്.ധോനി, വിസ്വനാഥന്‍ ആനന്ദ്, ധനരാജ് പിള്ളൈ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയ നിരവധി കായിക പ്രതിഭകള്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക.

'മേജര്‍ ധ്യാന്‍ചന്ദ് ഇന്ത്യയുടെ ഏറ്റവും വലിയ കായികതാരങ്ങളില്‍ ഒരാളാണ്. അദ്ദേഹം നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് എന്തുകൊണ്ടും ഉചിതമായ കാര്യം തന്നെയാണ്'- പ്രധാനമന്ത്രി വ്യക്തമാക്കി.

Content Highlights: Rajiv Gandhi Khel Ratna Award renamed Major Dhyan Chand Khel Ratna