കൊച്ചി: കോവിഡ് മുതല്‍ അസോസിയേഷന്റെ എതിര്‍പ്പുവരെ ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും പ്രൈം വോളിബോള്‍ ലീഗിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്.

To advertise here,

ഇന്ത്യന്‍ വോളിബോളിനു പ്രൊഫഷണലിസത്തിന്റെ മുഖം സമ്മാനിക്കുന്ന ലീഗിന് ഇത്തവണ ഹൈദരാബാദാണ് ആതിഥ്യമരുളുന്നത്. ഫെബ്രുവരി അഞ്ചിനു തുടങ്ങുന്ന ലീഗിനായി കേരള ടീമുകളായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും ഹൈദരാബാദിലെത്തി.

ഗച്ചിബൗളി സ്റ്റേഡിയത്തില്‍ 23 ദിവസങ്ങളിലായി 24 മത്സരങ്ങള്‍ അരങ്ങേറും. കേരള ടീമുകള്‍ക്കുപുറമേ, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നിവയാണ് ലീഗിലെ മറ്റു ടീമുകള്‍.

തൃപ്രയാര്‍ ടി.എസ്.ജി.എ. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ടാഴ്ചയിലേറെ നീണ്ട ക്യാമ്പിനുശേഷം കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദിലെത്തി. ഇന്ത്യയുടെ അന്താരാഷ്ട്രതാരങ്ങളായ എ. കാര്‍ത്തികും ദീപേഷ് കുമാര്‍ സിന്‍ഹയുമടക്കം 12 കളിക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തു. മുഖ്യപരിശീലകന്‍ എം.എച്ച്. കുമാര, സഹപരിശീലകരായ ഹരിലാല്‍, ബോബി സേവ്യര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.

കോഴിക്കോട് ദേവഗിരി കോളേജില്‍ രണ്ടാഴ്ചയിലേറെ നീണ്ട ക്യാമ്പിനു ശേഷമാണ് കാലിക്കറ്റ് ഹീറോസ് ഹൈദരാബാദിലേക്കു പറന്നത്. ഇന്ത്യയുടെ യൂണിവേഴ്‌സല്‍ താരം ജെറോം വിനീതും അറ്റാക്കര്‍ അജിത് ലാലും അടങ്ങുന്ന ടീമും പ്രതീക്ഷയിലാണ്. വിദേശതാരങ്ങളായ ഒളിമ്പിക് മെഡല്‍ ജേതാവ് അമേരിക്കയുടെ ഡേവിഡ് ലീയും ഫ്രാന്‍സിന്റെ ആരോണ്‍ കൗബിയും വ്യാഴാഴ്ച രാത്രി ടീമിനൊപ്പം ചേര്‍ന്നു. മുന്‍ ഇന്ത്യന്‍താരമായ കോച്ച് കിഷോര്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്.

ഫെബ്രുവരി 18-നാണ് കേരള ടീമുകളായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും തമ്മിലുള്ള മത്സരം. ഫെബ്രുവരി അഞ്ചിന് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സുമായാണ് ബ്ലൂ സ്‌പൈക്കേഴിന്റെ ആദ്യ കളി.

Content Highlights: Prime Volley League 2022, Kochi Blue Spikers, Calicut Heroes