കോഴിക്കോട്: വിഖ്യാത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റും മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന വിംസീയുടെ (വി.എം. ബാലചന്ദ്രന്‍) ജന്മശതാബ്ദി പ്രമാണിച്ച് ഫുട്‌ബോളില്‍ ഉയര്‍ന്നുവരുന്ന താരത്തിന് സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിംസീയുടെ കുടുംബവും ചേര്‍ന്നു നല്‍കുന്ന വിംസീ സെന്റിനറി അവാര്‍ഡിന് ഇന്ത്യന്‍ വനിതാ സീനിയര്‍ ഫുട്‌ബോള്‍ ടീം അംഗം പി. മാളവികയെ തിരഞ്ഞെടുത്തു. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

To advertise here,

മുന്‍ ഇന്ത്യന്‍ താരങ്ങളും പരിശീലകരുമായ വിക്ടര്‍ മഞ്ഞില, ജോപോള്‍ അഞ്ചേരി, സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളായ ആര്‍. രഞ്ജിത്ത്, അനീഷ് പി. നായര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. നവംബര്‍ 15-നു ശനിയാഴ്ച വൈകുന്നേരം നാലിന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ അവാര്‍ഡ് സമ്മാനിക്കും. ചടങ്ങില്‍ From Watch Dog To Lap Dog , What is happening in Indian Media (കാവല്‍ നായയില്‍നിന്ന് അരുമ നായയിലേക്ക്, ഇന്ത്യന്‍ മാധ്യമരംഗത്ത് എന്താണ് സംഭവിക്കുന്നത്) എന്ന വിഷയത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ചെന്നൈയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ പ്രഭാഷണം നടത്തും.

കാസര്‍കോട് ജില്ലക്കാരിയായ പി. മാളവിക ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കായി ഗോള്‍ നേടിയ താരമാണ്. 26 വര്‍ഷത്തിനു ശേഷമാണ് ഒരു മലയാളി താരത്തിനു ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള കേരള ഫുട്ബാള്‍ അസോസിയേഷന്റെ പുരസ്‌കാരം ഈ ഇരുപത്തിയൊന്നുകാരിക്കാണ് ലഭിച്ചത്.

മിസാക യുണൈറ്റഡ്, ട്രാവന്‍കൂര്‍ റോയല്‍സ്, കെംപ്, കേരള ബ്ലാസ്റ്റേഴ്സ്, സേതു എഫ്‌സി എന്നീ ടീമുകളില്‍ മാളവിക കളിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ താരങ്ങളുടെ കളിമികവിനോട് പൊരുതിയാണ് മാളവിക ഇന്ത്യന്‍ ടീമില്‍ എത്തിയത്. ഇന്ത്യയുടെ സീനിയര്‍ ടീമും അണ്ടര്‍ 20 ടീമും അണ്ടര്‍ 17 ടീമും ഏഷ്യാ കപ്പ് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യന്‍ പുരുഷ ടീമിന് മുന്‍പ് വനിതാ ടീം ലോകകപ്പ് കളിച്ചേക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് വിംസീയുടെ പേരിലുള്ള പുരസ്‌കാരം ഉദിച്ചുവരുന്ന ഒരു വനിതാ ഫുട്ബാളര്‍ക്ക് നല്‍കുന്നതെന്ന് ജൂറി വ്യക്തമാക്കി.