ലോകകപ്പ് നേടിയ ഇന്ത്യൻ ടീമുകളെ ആദരിച്ച് റിലയൻസ് ഫൗണ്ടേഷൻ. ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമംഗങ്ങളേയും കാഴ്ചപരിമിതരുടെ ലോകകപ്പ് നേടിയ വനിതാ ടീമിനേയുമാണ് ആദരിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിലെ അംബാനി കുടുംബത്തിന്റെ വസതിയായ 'ആന്റിലിയ'യിലായിരുന്നു ചടങ്ങ്.

To advertise here,

റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടറുമായ നിത അംബാനി ആതിഥേയത്വം വഹിച്ചു. 'ഇന്ത്യയുടെ ഈ മൂന്ന് ക്രിക്കറ്റ് ടീമുകളും ഒരു മേൽക്കൂരയ്ക്ക് കീഴിലാണ്. ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകിയതിന് ഓരോ ഇന്ത്യക്കാരന്റേയും പേരിൽ ഇവരെ ആദരിക്കുന്നു'-നിത അംബാനി ചടങ്ങിൽ പറഞ്ഞു.

ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ക്യാപ്റ്റനായിരുന്ന രോഹിത് ശർമ, ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, കാഴ്ചപരിമിതരുടെ ടീം ക്യാപ്റ്റൻ ദീപിക ടിസി എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു. രോഹിത് ശർമയ്‌ക്കൊപ്പം ഭാര്യ റിതികയുമുണ്ടായിരുന്നു. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, സച്ചിൻ തെണ്ടുൽക്കർ, സാനിയ മിർസ, രാഹുൽ ദ്രാവിഡ് എന്നിവരെല്ലാം പരിപാടിക്കെത്തി.

സ്മൃതി മന്ദാന, രാധാ യാദവ്, ജെമീമ റോഡിഗ്രസ്, ഹർലീൻ ഡിയോൾ തുടങ്ങിയ വനിതാ താരങ്ങളും മുംബൈയിലെത്തി. ബോളിവുഡ് താരങ്ങളായ ജാൻവി കപൂർ, വരുൺ ധവാൻ, ജെനീലിയ, റിതേഷ് എന്നിവരും ചടങ്ങിന്റെ മാറ്റ്കൂട്ടി.