ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറത്താക്കി. ഹോണിന്റെ പരിശീലനത്തില്‍ തൃപ്തി വരാത്തതിനെത്തുടര്‍ന്നാണ് ഫെഡറേഷന്റെ നടപടി.

ഹോണിന് പകരം മറ്റു രണ്ട് വിദേശ പരിശീലകരെ കൊണ്ടുവരുമെന്ന്‌ അത്‌ലറ്റിക്‌സ് ഫെഡെറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. 59 കാരനായ ഹോണ്‍ ജാവലിന്‍ ത്രോയില്‍ 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ലോകത്തിലെ ഏകതാരമാണ്. ഹോണിന്റെ പരിശീലന മികവിലാണ് നീരജ് ചോപ്ര ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയത് 

'നീരജ് ചോപ്രയുടെ പരിശീലക സ്ഥാനത്തുനിനിന്ന്‌ ഉവെ ഹോണിനെ മാറ്റുകയാണ്. പകരം പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരും. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും'- അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദില്ലെ സുമാരിവാല അറിയിച്ചു. 

2017-ലാണ് ഹോണിനെ ഇന്ത്യന്‍ ദേശീയ ജാവലിന്‍ ടീമിന്റെ പരിശീലകനായി നിയമിച്ചത്. നീരജ് ചോപ്രയ്ക്ക് പുറമേ അന്നു റാണി, ശിവ്പാല്‍ സിങ് എന്നിവരെയും ഹോണ്‍ പരിശീലിപ്പിച്ചു. ഇക്കാലയളവില്‍ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി പലതവണ ഫെഡറേഷനും ഹോണും കൊമ്പുകോര്‍ത്തിരുന്നു. 

Content Highlights: Neeraj Chopra’s javelin throw coach Uwe Hohn sacked, athletics federation ‘not happy’ with performance