വിശാഖപട്ടണം: ഇത്തവണ ഷെഫാലി വർമയുടെ ഊഴമായിരുന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് അർധസെഞ്ചുറിയുമായി പുറത്താകാതെനിന്ന ഓപ്പണറുടെ മികവിൽ, വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ശ്രീലങ്കയ്ക്കെതിരേ 49 പന്തുകൾ ബാക്കിനിൽക്കേ ഏഴുവിക്കറ്റിനാണ് ജയിച്ചത്. സ്കോർ: ശ്രീലങ്ക 20 ഓവറിൽ 128/9, ഇന്ത്യ 11.5 ഓവറിൽ 129/3. ആദ്യ മത്സരം എട്ടുവിക്കറ്റിന് ജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ (2-0) മുന്നിലെത്തി. ശേഷിക്കുന്ന മൂന്നു കളികളും തിരുവനന്തപുരത്ത് നടക്കും.
34 പന്തിൽ 69 റൺസുമായി പുറത്താകാതെനിന്ന ഓപ്പണർ ഷെഫാലി വർമയാണ് ഇന്ത്യയുടെ ചേസിങ് എളുപ്പമാക്കിയത്. ഇതിൽ 11 ഫോറും ഒരു സിക്സുമുണ്ട്. മറ്റൊരു ഓപ്പണർ സ്മൃതി മന്ഥാന (14) നാലാം ഓവറിൽ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ജമീമ റോഡ്രിഗസിനൊപ്പം (15 പന്തിൽ 26) ഷെഫാലി 27 പന്തിൽ 58 റൺസ് ചേർത്തു. ജമീമ നാലു ഫോറും ഒരു സിക്സും കണ്ടെത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 10 റൺസെടുത്തു. ജയത്തിന് തൊട്ടരികെ ഹർമൻപ്രീത് മടങ്ങിയപ്പോൾ റിച്ചാ ഘോഷിനൊപ്പം (1*) ഷെഫാലി ദൗത്യം പൂർത്തിയാക്കി. ഷെഫാലിയാണ് കളിയിലെ താരം.
ആദ്യമത്സരത്തിൽ അർധസെഞ്ചുറിയുമായി ജമീമ റോഡ്രിഗസാണ് വിജയശില്പിയായത്.
ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. സ്പിന്നർമാരാണ് ലങ്കയെ ചെറിയ സ്കോറിൽ ഒതുക്കിയത്. പരിചയസമ്പന്നയായ ഓഫ്സ്പിന്നർ സ്നേഹ് റാണയ്ക്കൊപ്പം യുവ സ്പിന്നർമാരായ വൈഷ്ണവി ശർമയും ശ്രീചരണിയും ചേർന്നതോടെ ബാറ്റർമാരുടെ താളംതെറ്റി. നന്നായി തുടങ്ങിയ ഓപ്പണർ ചമരി അട്ടപ്പട്ടുവിനെ (31) ആറാം ഓവറിൽ സ്നേഹ് റാണ പുറത്താക്കി. വൺഡൗൺ ബാറ്റർ ഹസിനി പെരേര (22), ഹർഷിത സമരവിക്രമ (33) എന്നിവരും പിടിച്ചുനിന്നതോടെ 12 ഓവറിൽ രണ്ടുവിക്കറ്റിന് 79 റൺസിൽ എത്തിയശേഷമാണ് തകർച്ച തുടങ്ങിയത്.
പതിനാറാം ഓവറിൽ ഹർഷിത പുറത്തായതിനു പിന്നാലെ, കൂട്ടത്തകർച്ചയായിരുന്നു. പിന്നീട് 24 റൺസ് ചേർക്കുന്നതിനിടെ ആറുവിക്കറ്റ് വീണു. അവസാന ഏഴു പന്തുകൾക്കിടെ നാലും അവസാന ഓവറിൽ മൂന്നുവിക്കറ്റും വീണു. സ്നേഹ് റാണ നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി ഒരുവിക്കറ്റ് നേടിയപ്പോൾ ശ്രീചരണി 23 റൺസിനും വൈഷ്ണവി ശർമ 32 റൺസിനും രണ്ടുവീതം വിക്കറ്റ് നേടി.
Content Highlights: Shefali Verma`s brilliant 69* leads India to a dominant 7-wicket victory over Sri Lanka in the 2nd T20, taking a 2-0 series lead. Get highlights and match details.
Published: 24 Dec 2025, 04:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented