തേഞ്ഞിപ്പലം: ഫെഡറേഷന്‍ കപ്പ് ദേശീയ അത്‌ലറ്റിക് മീറ്റിന്റെ സമാപനദിവസം കവര്‍ന്ന് ശക്തമായ കാറ്റും മഴയും. ആഞ്ഞുവീശിയ കാറ്റ് മീറ്റിന് തടസ്സമാവുക മാത്രമല്ല, കായികതാരങ്ങളെയും ഒഫിഷ്യലുകളെയും ഏറെനേരം ഭീതിയിലാഴ്ത്തുകയും ചെയ്തു.

To advertise here,

വൈകീട്ട് നാലു മണിയോടെ പുരുഷന്മാരുടെ 200 മീറ്റര്‍ ഓട്ടം പുരോഗമിക്കുമ്പോഴാണ് മഴ തുടങ്ങിയത്. ഓട്ടം കഴിഞ്ഞതോടെ കാറ്റും വീശിത്തുടങ്ങി. മിന്നലും മഴയും കാറ്റും ശക്തമായതോടെ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയും വനിതകളുടെ 200 മീറ്റര്‍ ഓട്ടവും നിര്‍ത്തിവെച്ചു.

ശക്തിയായി വീശിയടിച്ച കാറ്റില്‍ ഗ്രൗണ്ടില്‍ കളിക്കാര്‍ക്കും ഒഫിഷ്യലുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുംവേണ്ടി ഒരുക്കിയ താത്കാലിക പന്തലുകളെല്ലാം തകര്‍ന്നുവീണു. ചില പന്തലുകള്‍ പറന്നുപോവുകയും സമീപത്തെ വാഹനങ്ങളുടെ മീതെ വന്നുവീഴുകയും ചെയ്തു. ഇതോടെ അത്‌ലറ്റുകളും ഒഫിഷ്യലുകളും മാധ്യമപ്രവര്‍ത്തകരും പരക്കംപാഞ്ഞു. സ്റ്റേഡിയത്തില്‍ ഒരു സ്ഥിരം പവലിയന്‍ ഇല്ലാത്തതിനാല്‍ മഴയില്‍ നിന്ന് രക്ഷനേടാന്‍ കളിക്കാര്‍ക്ക് കഴിയാതെയായി. ഏറെ അകലെയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പലരും അഭയം കണ്ടെത്തിയത്. ഗ്രൗണ്ടിലെ ഇലക്ട്രോണിക് സ്‌കോര്‍ ബോര്‍ഡും ഫോട്ടോഫിനിഷ് ക്യാമറയുമെല്ലാം നനഞ്ഞ് കേടായി.

മഴയും കാറ്റും ശമിച്ച് ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്. ഡിസ്‌ക്കസ് ത്രോ പിറ്റില്‍ നിന്ന് വെള്ളം കളയാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടായതോടെ ഡിസ്‌ക്കസ് ത്രോയിലും ട്രിപ്പിള്‍ ജമ്പിലും സാധാരണ ടേപ്പ് ഉപയോഗിച്ചാണ് ദൂരം അളന്നത്. വലിയ എല്‍.ഇ.ഡി സ്‌ക്രീനും ഉപയോഗശൂന്യമായി.