ഗ്ലാസ്ഗോ (സ്‌കോട്ട്ലൻഡ്): കോമൺവെൽത്ത് ഗെയിംസിന്റെ 23-ാം പതിപ്പിന് സ്‌കോട്ട്ലന്റിലെ ഗ്ലാസ്ഗോയിൽ വ്യാഴാഴ്ച തിരശീല ഉയരുകയാണ്. പതിമൂന്ന് ഇനങ്ങളിലായി 125 താരങ്ങളാണ് ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങുന്നത്. എന്നാൽ, നിരാശയോടെയാണ് ഇത്തവണ ഇന്ത്യ ഗെയിംസിനിറങ്ങുന്നത്.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ എന്നും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് എഡിഷനുകളിലും ഇന്ത്യ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടിയിട്ടുണ്ട്. 2022-ൽ ബർമിങ്ങാമിൽ വെച്ചുനടന്ന ഗെയിംസിൽ 22 സ്വർണമുൾപ്പെടെ 61 മെഡലുകൾ നേടി ഇന്ത്യ നാലാംസ്ഥാനത്തായിരുന്നു. എന്നാൽ, അന്ന് 61 മെഡലുകളിൽ 30 എണ്ണം നേടിത്തന്ന മത്സരയിനങ്ങൾ ഇത്തവണ ഗെയിംസിനില്ല.
പി.വി. സിന്ധുവും മനു ഭാകറും ഹർമൻപ്രീത് സിങുമൊന്നും ഇന്ത്യക്കുവേണ്ടി ഇത്തവണ ഇറങ്ങില്ല. ചെലവുചുരുക്കലിന്റെ ഭാഗമായി 19-ൽനിന്ന് പത്തായി കായികയിനങ്ങൾ കുറച്ചതിനാലാണിത്.
ഹോക്കി, ബാഡ്മിന്റൺ, ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, സ്‌ക്വാഷ്, ഗുസ്തി, ട്രയാത്ലൺ, ബീച്ച് വോളിബോൾ, റഗ്ബി സെവൻസ് എന്നിവയാണ് ഒഴിവാക്കിയ ഇനങ്ങൾ. ഇതിൽ ആറിനങ്ങളിൽ നിന്നായിരുന്നു ഇന്ത്യയ്ക്ക് കഴിഞ്ഞതവണ ലഭിച്ച പകുതിയോളം മെഡലുകൾ. അത്ലറ്റിക്‌സ്, നീന്തൽ, വെയ്റ്റ്ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ തുടങ്ങി 10 ഇനങ്ങൾ മാത്രമാണ് ഇത്തവണ ഉണ്ടാകുക.
ഓസ്ട്രേലിയയിലെ വിക്ടോറിയയായിരുന്നു ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസ് വേദി. എന്നാൽ, സാമ്പത്തിക ബാധ്യതയാകും എന്ന കാരണംപറഞ്ഞ് 2023-ൽ വിക്ടോറിയ പിന്മാറുകയായിരുന്നു. മറ്റൊരു വേദി വളരെ പെട്ടെന്നുതന്നെ കണ്ടുപിടിക്കേണ്ടി വന്നപ്പോൾ സ്‌കോട്ട്ലന്റ് മുന്നോട്ടുവരികയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഗെയിംസ് സംഘടിപ്പിക്കേണ്ടി വന്നതിനാലും സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനുമാണ് മത്സരങ്ങൾ വെട്ടിച്ചുരുക്കിയത്.
2014-ൽ ആതിഥേയത്വംവഹിച്ച ഗ്ലാസ്ഗോയിൽ ഗെയിംസിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉണ്ട്. പുതിയൊരു ഗെയിംസ് വില്ലേജ് പണികഴിപ്പിക്കുന്നതിനുപകരം നിലവിലുള്ള ഹോട്ടലുകളിൽതന്നെ കായികതാരങ്ങൾക്കും സ്റ്റാഫിനും താമസിക്കാം. നാല് വേദികളിലായി ഗെയിംസ് നടക്കും. എന്നാൽ, ഇത്ര ചുരുങ്ങിയ കാലയളവിൽ പൂർണതോതിൽ നടത്താൻ സാധിക്കാത്തതിനാൽ ഇനങ്ങൾ ചുരുക്കുകയായിരുന്നു. ഇന്ത്യക്ക് ഉറപ്പായിരുന്ന മെഡലുകളാണ് ഇതുമൂലം നഷ്ടപ്പെട്ടത്.
Content Highlights: The 2026 Commonwealth Games in Glasgow will feature only 10 sports instead of 19., Major sports like Hockey, Badminton, Cricket, and Wrestling have been removed., The reduction is due to budget constraints and the short preparation timeline after Victoria's withdrawal., India, which consistently ranks in the top five, faces a significant setback in medal potential., Athletes will be accommodated in existing hotels instead of a new Games village.
Published: 22 Jul 2026, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented