സാവോ പൗലോ: തന്റെ സെക്ഷ്വല്‍ ഐഡന്റിന്റിയെ കുറിച്ച് തുറന്നുപറച്ചിലുമായി മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റിച്ചാര്‍ലിസന്‍. താന്‍ ബൈസെക്ഷ്വലാണെന്ന് വെളിപ്പെടുത്തിയ 39-കാരനായ താരം, സ്ത്രീകളുമായും പുരുഷന്‍മാരുമായും തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും തുറന്നുപറഞ്ഞു.

To advertise here,

2008-ല്‍ രണ്ടു തവണ ബ്രസീല്‍ ദേശീയ ടീമിനായി ബൂട്ടുകെട്ടിയ റിച്ചാര്‍ലിസന്‍, 2005 ക്ലബ്ബ് ലോകകപ്പില്‍ ലിവര്‍പൂളിനെ തകര്‍ത്ത് കിരീടം നേടിയ സാവോ പൗലോ ടീം അംഗം കൂടിയായിരുന്നു.

ബ്രസീലിയന്‍ പോഡ്കാസ്റ്റായ 'നോസ് അര്‍മാരിയോസ്' (Nos Armarios dos Vestiarios) അഥവാ 'ഇന്‍ ദ് ലോക്കര്‍ റൂംസി'ലാണ് ധൈര്യത്തോടെ തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് തുറന്നുപറയാന്‍ താരം തയ്യാറായത്. സ്വവര്‍ഗാനുരാഗികളോടുള്ള എതിര്‍പ്പിനും സമൂഹത്തിന് അവരോടുള്ള വിരോധത്തിനും എതിരായ പോഡ്കാസ്റ്റ് സീരീസാണിത്.

''ഞാന്‍ സ്വവര്‍ഗാനുനരാഗിയാണോ എന്നാണ് ജീവിതകാലം മുഴുവന്‍ ആളുകള്‍ ചോദിച്ചിരുന്നത്. എനിക്ക് ഒരു പുരുഷനുമായും പിന്നീട് ഒരു സ്ത്രീയുമായും ബന്ധമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഞാനിത് തുറന്നുപറയുമ്പോള്‍ ഉടന്‍ തന്നെ വാര്‍ത്ത അച്ചടിച്ചുവരും റിച്ചാര്‍ലിസന്‍ ബൈസെക്ഷ്വലാണ്. ഞാന്‍ നോര്‍മലാണ്. ഞാന്‍ പുരുഷനുമായും സ്ത്രീയുമായും ഡേറ്റ് ചെയ്തിട്ടുണ്ട്. എനിക്കും ആവശ്യങ്ങളും വികാരങ്ങളുമുണ്ട്.'' - റിച്ചാര്‍ലിസന്‍ പറഞ്ഞു.

സ്വവര്‍ഗാനുരാഗത്തെ കുറിച്ചുള്ള തന്റെ മാതൃരാജ്യത്തിന്റെ മനോഭാവത്തെ കുറിച്ചും താരം സംസാരിച്ചു. സമൂഹത്തില്‍ മാറ്റമുണ്ടാകണമെന്ന് ഏറ്റവും അധികം ആഗ്രഹിക്കുന്നയാളാണ് താനെന്ന് പറഞ്ഞ താരം സ്വവര്‍ഗാനുരാഗികള്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്ന രാജ്യം ബ്രസീലാണെന്നും ചൂണ്ടിക്കാട്ടി.