ന്യൂഡല്‍ഹി: ഇന്ത്യയെന്നല്ല ലോകം കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരങ്ങളില്‍ ഒരാളായിരുന്നു മേജര്‍ ധ്യാന്‍ചന്ദ്. ഇന്ത്യന്‍ ഹോക്കിയുടെ ഇതിഹാസ താരം. ധ്യാന്‍ചന്ദ് ഇന്ത്യയ്ക്കായി കളിച്ച കാലം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലമായിരുന്നു. ഹോക്കിയില്‍ പകരം വെയ്ക്കാനില്ലാത്ത ശക്തിയായി ഇന്ത്യ വളര്‍ന്ന കാലം. 

To advertise here,

1928 മുതല്‍ 1956 വരെയുള്ള കാലത്ത് ആറ് തവണയാണ് ഇന്ത്യ ഹോക്കിയില്‍ ഒളിമ്പിക്സ് സ്വര്‍ണം സ്വന്തമാക്കിയത്. അതില്‍ 1936-ല്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന ഒളിമ്പിക്‌സ് ഹോക്കി ഫൈനലില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ കാണ്‍കെ 40,000 ഓളം കാണികളെ സാക്ഷിയാക്കി ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്ക് ജര്‍മനിയെ കീഴടക്കിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ജര്‍മന്‍ വലയില്‍ കയറിയ ഇന്ത്യയുടെ എട്ടു ഗോളുകളില്‍ ആറും മേജര്‍ ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ നിന്നുമായിരുന്നു.

അന്ന് മത്സര ശേഷം ഹിറ്റ്ലര്‍ ധ്യാന്‍ചന്ദിനെ ജര്‍മന്‍ സൈന്യത്തിലേക്ക് സ്വാഗതം ചെയ്തു. എന്നാല്‍ ധ്യാന്‍ചന്ദിന്റെ മറുപടി കേട്ട് സ്റ്റേഡിയം ഒന്നാകെ ഞെട്ടിത്തരിച്ചു. ധ്യാന്‍ചന്ദിന് ഹസ്തദാനം നല്‍കുന്നതിനു പകരം അന്ന് ആ മറുപടി കേട്ട് ഹിറ്റ്‌ലര്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയാണുണ്ടായത്. ചരിത്രത്തിന്റെ ഭാഗമായ ആ സംഭവം വിവരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ സയ്യിദ് അലി സിബ്‌റ്റെയ്ന്‍ നഖ്‌വി. 

ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതപ്പെട്ട അന്നത്തെ സംഭവങ്ങള്‍ സ്മരിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഹോക്കി പരിശീലകന്‍ സയ്യീദ് അലി സിബ്റ്റെയ്ന്‍ നഖ്വി. മത്സരത്തേക്കാളും അവിസ്മരണീയമായ കാര്യമാണ് സമ്മാനദാന ചടങ്ങിനിടെ നടന്നതെന്ന് നഖ്വി പറയുന്നു.

''ധ്യാന്‍ചന്ദിന്റെ പ്രകടനം കണ്ട ഹിറ്റ്‌ലര്‍ സമ്മാനദാന ചടങ്ങിനിടെ അത്രയും കാണികളുടെ മുന്നില്‍ വെച്ച് അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയും ജര്‍മന്‍ സൈന്യത്തില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്തു. ദാദ (ധ്യാന്‍ചന്ദ്) ഏതാനും നിമിഷത്തേക്ക് ഒന്നും മിണ്ടാതെ നിന്നു. അദ്ദേഹം വാഗ്ദാനം നിരസിച്ചാല്‍ ഒരുപക്ഷേ ഹിറ്റ്ലര്‍ അദ്ദേഹത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുമോ എന്ന പേടിയില്‍ സ്റ്റേഡിയം ഒന്നടങ്കം നിശബ്ദമായി. അന്ന് ഹിറ്റ്ലറോട് നല്‍കിയ മറുപടി എന്താണെന്ന് ദാദ പിന്നീട് എന്നോട് വിശദീകരിച്ചിരുന്നു. കണ്ണുകളടച്ച് ഇന്ത്യന്‍ സൈനികനെ പോലെ ഉറച്ച സ്വരത്തില്‍ അദ്ദേഹം പറഞ്ഞു, ഇന്ത്യ വില്‍പ്പനക്കുള്ളതല്ല. '' - നഖ്വി ഓര്‍ക്കുന്നു.

''എന്നാല്‍ സ്‌റ്റേഡിയം ഞെട്ടി നിന്ന സമയത്ത് ധ്യാന്‍ചന്ദിന് ഹസ്തദാനം നല്‍കുന്നതിനു പകരം ഹിറ്റ്‌ലര്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയാണുണ്ടായത്. എന്നിട്ട് പറഞ്ഞു, ഇന്ത്യയോടുള്ള നിങ്ങളുടെ സ്നേഹത്തെയും ദേശീയ ബോധത്തെയും ജര്‍മനി സല്യൂട്ട് ചെയ്യുന്നു. ഹോക്കി മാന്ത്രികനെന്ന പേര് അദ്ദേഹത്തിന് നല്‍കിയതും ഹിറ്റ്‌ലറായിരുന്നു. നൂറ്റാണ്ടുകള്‍ക്കിടെ ഒരിക്കല്‍ മാത്രമാണ് അത്തരം കളിക്കാര്‍ ജന്മമെടുക്കുക.'' - നഖ്വി കൂട്ടിച്ചേര്‍ത്തു.

Content Highlights: Ex hockey coach recalls Major Dhyan Chand response to Adolf Hitler