ഒഡിഷ: പശ്ചിമബംഗാള്‍ തീരത്ത് ചുഴലിക്കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ് മാറ്റിവെച്ചു. ചൊവ്വാഴ്ച വൈകീട്ട് കേരളത്തിന്റെ ആദ്യസംഘം തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ചശേഷമാണ് മീറ്റ് മാറ്റിയതായി അറിയിപ്പുവന്നത്. ഇതേത്തുടര്‍ന്ന് താരങ്ങളും പരിശീലകരും കോട്ടയത്ത് ഇറങ്ങി. രാത്രി പുറപ്പെടാനിരുന്ന മറ്റൊരു സംഘം യാത്ര ഉപേക്ഷിച്ചു. 25 മുതല്‍ 29 വരെ ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരുന്നത്.
ഒഡിഷയില്‍ കനത്ത ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്നും തീവണ്ടി റദ്ദാക്കുമെന്നും ചൊവ്വാഴ്ച ഉച്ചയ്ക്കുതന്നെ വാര്‍ത്തപരന്നിരുന്നു. എന്നാല്‍, വണ്ടി കൃത്യസമയത്ത് ഓടുമെന്ന് വൈകീട്ട് നാലുമണിയോടെ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
മീറ്റ് മാറ്റിവെച്ചതായി അറിയിപ്പുവന്നതുമില്ല. ഇതേത്തുടര്‍ന്ന് ആശങ്കകള്‍ക്കൊടുവിലാണ് വൈകീട്ട് അരുണോയ് എക്സ്പ്രസില്‍ ഒരുസംഘം യാത്രതിരിച്ചത്. രാത്രി എട്ടുമണിയോടെയാണ് മീറ്റ് മാറ്റിയതായി ഔദ്യോഗിക അറിയിപ്പുവന്നത്.
കലിംഗ സ്റ്റേഡിയത്തില്‍ െഎ.എസ്.എല്‍. ഫുട്ബോള്‍ മത്സരങ്ങളും നടക്കുന്നുണ്ട്. ഈ മത്സരക്രമംകൂടി നോക്കിയശേഷം നവംബര്‍ അവസാനത്തോടെ മീറ്റ് നടത്തുമെന്നാണ് സൂചന. ആദ്യം കേരളത്തില്‍ മീറ്റ് നടത്താനായിരുന്നു തീരുമാനം. സംസ്ഥാന സ്കൂള്‍ കായികമേളയും ഇതിനോട് അടുപ്പിച്ചുവരുന്നതിനാല് കേരളം നടത്തിപ്പില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒഡിഷ മത്സരം ഏറ്റെടുത്തു.
Content Highlights: cyclone threat national junior athletic meet postponed
Published: 23 Oct 2024, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented