മുംബൈ : മുന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ് ഗാര്‍ഹികപീഡനക്കേസില്‍ കുറ്റക്കാരന്‍. പേസിന്റെ പങ്കാളിയായ റിയ പിള്ള നല്‍കിയ പരാതിയില്‍ മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് പേസിനെ കുറ്റക്കാരനായി വിധിച്ചത്. 50,000 രൂപ മാസവാടകയും ഇരുവരും ഒന്നിച്ചുതാമസിക്കുന്ന വീട്ടില്‍നിന്ന് റിയ മാറുകയാണെങ്കില്‍ ഒരു ലക്ഷം രൂപ ജീവിതച്ചെലവും നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

To advertise here,

2014-ലാണ് മോഡലും നടിയുമായ റിയ പിള്ള പേസ് ഗാര്‍ഹികപീഡനം നടത്തിയെന്നാരോപിച്ച് പരാതിനല്‍കിയത്. ഗാര്‍ഹികപീഡനം തെളിഞ്ഞതായും തുടര്‍ന്നും ഒന്നിച്ചുതാമസിക്കുകയാണെങ്കില്‍ സാമ്പത്തികസഹായം നല്‍കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍പറയുന്നു. പേസിന്റെ ടെന്നീസ് കരിയര്‍ ഏകദേശം അവസാനിച്ചതായും അതിനാല്‍ അദ്ദേഹത്തോട് വാടകവീട്ടില്‍ കഴിയാന്‍ നിര്‍ദേശിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരമാണ് റിയ പിള്ള കേസ് ഫയല്‍ചെയ്തത്. എട്ടുവര്‍ഷമായി പേസുമൊത്ത് ഒന്നിച്ചുതാമസിക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. വാക്കുകൊണ്ടും മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചുവെന്നും ഇതുവലിയ മാനസികസംഘര്‍ഷത്തിന് വഴിവെച്ചുവെന്നും റിയ പരാതിയില്‍ പറഞ്ഞിരുന്നു. പശ്ചിമബംഗാള്‍ സ്വദേശിയായ പേസ് നിലവില്‍ ബാന്ദ്രയിലാണ് താമസം.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലിയാന്‍ഡര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുന്‍ ബ്രിട്ടീഷ് ഹൈക്കമ്മിഷണറുടെ മകളായ റിയ പിള്ള 2005 മുതല്‍ പേസുമായി ലിവ് ഇന്‍ ടുഗെദറില്‍ ആയിരുന്നു. മകളുടെ ജനനശേഷമാണ് ഇരുവരും ബാന്ദ്രയിലേക്ക് താമസം മാറ്റിയത്.