ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി സ്റ്റേഡിയത്തിലെ കുരങ്ങുകളുടെയും പ്രാവിന്റെയും ശല്യം ഒഴിവാക്കൻ വിചിത്രമായ നടപടികളുമായി സംഘാടകർ. കുരങ്ങൻമാരെ ഓടിക്കുന്നതിൽ വിദഗ്ധരായ ആളുകളെ നിയമിക്കാൻ ഒരുങ്ങുകയാണ് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ. അസോസിയേഷന്റെ ഈ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യയുടെ മുൻ ലോക ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ പി.വി സിന്ധു രംഗത്തെത്തി. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയം പരിസരത്തെ കുരങ്ങുകളെ തുരത്താൻ വിദഗ്ധരെ നിയമിക്കാനുള്ള ഈ നീക്കം സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് ഇടയാക്കിയെങ്കിലും, ടൂർണമെന്റ് തടസമില്ലാതെ നടത്താനുള്ള സംഘാടകരുടെ ശ്രമത്തെ സിന്ധു പ്രശംസിച്ചു. ഓഗസ്റ്റ് 17 മുതൽ 23 വരെയാണ് ടൂർണമെന്റ്. 17 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.

To advertise here,

'ഈ പരിഹാരമാർഗത്തെ നിങ്ങൾക്ക് പരിഹസിക്കാം, പക്ഷേ ഇതിന് പിന്നിലെ കഠിനാധ്വാനത്തെ കാണാതിരിക്കരുത്. ലോകത്തെ സ്വാഗതം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് ഉറപ്പാക്കാൻ നിരവധി പേർ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ പരിഹാരങ്ങൾ ഒരുപക്ഷേ ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെട്ട സവിശേഷമായ ഒന്നായിരിക്കാം, പക്ഷേ, നമ്മുടെ ആതിഥ്യമര്യാദയും ഊഷ്മളതയും അങ്ങനെയുള്ളതാണ്,' എന്ന് സിന്ധു തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ബാഡ്മിന്റൺ ലോകത്തെ ഡൽഹിയിലേക്ക് സ്വാഗതം ചെയ്യാൻ താൻ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

ഈ വർഷം ജനുവരിയിൽ നടന്ന ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിനിടെ കുരങ്ങുകൾ കളിക്കാർക്കായി നിശ്ചയിച്ചിരുന്ന പരിശീലന സ്ഥലങ്ങളിൽ അതിക്രമിച്ചു കയറിയ സംഭവം കണക്കിലെടുത്താണ് ഇത്തവണ ബാഡ്മിന്റൺ അസോസിയേഷൻ മുൻകരുതൽ എടുക്കുന്നത്. ഇതിനായി ലംഗൂർ കുരങ്ങുകളുടെ ശബ്ദം അനുകരിക്കാൻ കഴിവുള്ള മൂന്ന് വിദഗ്ധരെയാണ് അധികൃതർ നിയമിച്ചിരിക്കുന്നത്. സാധാരണയായി റീസസ് കുരങ്ങുകൾ, ലംഗൂർ കുരങ്ങുകളെ ഭയപ്പെടുന്നതിനാൽ അത്തരം ശബ്ദങ്ങൾ കേൾക്കുമ്പോൾ അവ പ്രദേശം വിട്ടുപോകും എന്നതാണ് ഇതിന് പിന്നിലെ തന്ത്രം. ഡൽഹിയിലെ പ്രധാന ഔദ്യോഗിക കേന്ദ്രങ്ങളിലും സർക്കാർ ഓഫീസുകളിലും കുരങ്ങുകളെ അകറ്റാൻ വർഷങ്ങളായി ലംഗൂറുകളെ ഉപയോഗിക്കാറുണ്ട്.

മുൻപ് നടന്ന ഇന്ത്യ ഓപ്പൺ ടൂർണമെന്റിലുണ്ടായ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ വിപുലമായ നവീകരണ പ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിൽ നടത്തിയിരിക്കുന്നത്. ജനുവരിയിൽ നടന്ന ഇന്ത്യ ഓപ്പണിനിടെ പ്രാവിറങ്ങി കളി തടസപ്പെട്ടത് വലിയ വാർത്തയായിരുന്നു. മത്സരത്തിനിടെ പക്ഷികൾ കോർട്ടിൽ കാഷ്ഠിച്ചതിനെ തുടർന്നും കളി തടസപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാൻ ഇത്തവണ അമേരിക്കയിൽ നിന്നുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. പക്ഷികളെയും പ്രാണികളെയും അകറ്റി നിർത്താൻ സ്റ്റേഡിയത്തിലെ ഡക്റ്റിംഗുകളിൽ വിഷരഹിതമായ പ്രത്യേക ജെൽ പ്രയോഗിച്ചു. കൂടാതെ, വേട്ടക്കാരായ പക്ഷികളുടെ ശബ്ദം അനുകരിക്കുന്ന പോർട്ടബിൾ മെഷീനുകളും സ്റ്റേഡിയത്തിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്.

കുരങ്ങുകളുടെയും തെരുവ് നായ്ക്കളുടെയും ശല്യം ഒഴിവാക്കാൻ മുൻസിപ്പൽ കോർപ്പറേഷനുമായി ചേർന്നാണ് അധികൃതർ പ്രവർത്തിക്കുന്നത്.

പഴയ സ്റ്റേഡിയമായതിനാൽ നിരവധി ഘടനപരമായ മാറ്റങ്ങളും അധികൃതർ വരുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വാതിലുകളും ഡബിൾ ഡോർ എൻട്രി സംവിധാനവും നടപ്പിലാക്കി. മേൽക്കൂരയിലെ ചോർച്ച പരിഹരിക്കുകയും കേടായ ജോയിന്റുകൾ നന്നാക്കുകയും ചെയ്തു. കാണികൾക്കായി പുതിയ സീറ്റുകൾ സ്ഥാപിക്കുകയും പഴയവ പോളിഷ് ചെയ്ത് പുതുക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റേഡിയത്തിലെ ലൈറ്റിങ് സംവിധാനത്തിലും കാറ്റിന്റെ വേഗത നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളിലും അന്താരാഷ്ട്ര ബാഡ്മിന്റൺ ഫെഡറേഷൻ പൂർണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിക്കാൻ ഇൻഡൊനീഷ്യയിൽ നിന്നുള്ള വിദഗ്ധൻ ഉടൻ ഡൽഹിയിലെത്തും.