ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ പ്രീക്വാർട്ടർ പോരാട്ടത്തിൽ ചൈനയുടെ ലോക രണ്ടാം നമ്പർ താരം വാങ് ഷി യീയോട് തോറ്റ് ഇന്ത്യൻ താരം പി.വി. സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായിരുന്നു. 88 മിനിറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു പരാജയം സമ്മതിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും ശക്തമായി തിരിച്ചുവന്ന സിന്ധു ഒടുവിൽ 11-21, 21-15, 17-21 എന്ന സ്‌കോറിനാണ് തോൽവി വഴങ്ങിയത്.

To advertise here,

വിവാദങ്ങളും നാടകീയ നിമിഷങ്ങളും നിറഞ്ഞതായിരുന്നു മത്സരത്തിന്റെ നിർണായകമായ മൂന്നാം ഗെയിം. ഗെയിമിൽ ഇരുതാരങ്ങളും 16-16 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ചൈനീസ് താരം വാങ് ഷി യീക്ക് പേശിവലിവ് അനുഭവപ്പെടുകയും താരം കോർട്ടിൽ വീഴുകയും ചെയ്തു. ഇതേതുടർന്ന് അമ്പയർ, മെഡിക്കൽ ടീമിന്റെ പരിശോധനകൾക്കും മറ്റുമായി മത്സരം അൽപനേരം നിർത്തിവെയ്ക്കാൻ അനുവദിച്ചു.

പിന്നീട് 18-17 എന്ന സ്‌കോറിൽ വാങ് വീണ്ടും കോർട്ടിൽ വീണപ്പോഴും രണ്ടാമതും ബ്രേക്ക് അനുവദിക്കപ്പെട്ടു. ഈ തടസങ്ങൾ സിന്ധുവിന്റെ കളിയിലെ താളത്തെയും കുതിപ്പിനെയും ബാധിച്ചു.

മത്സരത്തിനു ശേഷം സംസാരിച്ച സിന്ധു എതിരാളിക്ക് യഥാർഥത്തിൽ പരിക്കേറ്റതാണോ അതോ അതൊരു തന്ത്രമായിരുന്നോ എന്ന് തനിക്കറിയില്ലെന്ന് വ്യക്തമാക്കി. താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ക്ഷമയോടെ കളിക്കുകയും ചെയ്യണമായിരുന്നുവെന്നും സിന്ധു കൂട്ടിച്ചേർത്തു. എന്നാൽ മനഃപൂർവം സമയം കളയാൻ ശ്രമിച്ചതല്ലെന്നും മത്സരത്തിനിടെ തന്റെ ഇരു കാലുകൾക്കും പേശിവലിവ് അനുഭവപ്പെട്ടിരുന്നുവെന്നുമായിരുന്നു ചൈനീസ് താരം വാങ് ഷി യീ പ്രതികരിച്ചു.

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇതാദ്യമായാണ് ഒരു ചൈനീസ് താരത്തോട് സിന്ധു തോൽക്കുന്നത്. ടൂർണമെന്റിൽ ചൈനീസ് താരങ്ങൾക്കെതിരേ ഇതുവരെ തോറ്റിട്ടില്ലെന്ന സിന്ധുവിന്റെ റെക്കോഡിനും ഇതോടെ അവസാനമായി. ഇതിന് മുൻപ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ചൈനീസ് താരങ്ങൾക്കെതിരേ 8-0 എന്ന മികച്ച റെക്കോഡ് സിന്ധുവിനുണ്ടായിരുന്നു.

സിന്ധുവിന്റെ പരാജയത്തോടെ ഇന്ത്യയുടെ സിംഗിൾസ് പോരാട്ടങ്ങളും അവസാനിച്ചു. നേരത്തെ ലോക ഒന്നാം നമ്പർ താരം ഷി യുഖിയെ അദ്ഭുതകരമായി അട്ടിമറിച്ച ആയുഷ് ഷെട്ടി ഇൻഡൊനീഷ്യയുടെ അൽവി ഫർഹാനോട് നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെട്ടിരുന്നു. ലക്ഷ്യ സെൻ, ഉന്നതി ഹൂഡ എന്നിവർ ബുധനാഴ്ച തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.

ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും രണ്ടാം ഗെയിമിൽ മികച്ച ഊർജ്ജസ്വലതയോടെ തിരിച്ചുവന്ന സിന്ധു 21-15 ന് ഗെയിം സ്വന്തമാക്കി. അക്രമണോത്സുകമായ സ്മാഷുകളും മികച്ച കോർട്ട് കവറേജും കൊണ്ട് കളി സിന്ധുവിന്റെ നിയന്ത്രണത്തിലായിരുന്നു. നിർണായകമായ മൂന്നാം ഗെയിമിലും സിന്ധു 13-10 ന് മുന്നിലെത്തിയിരുന്നു. എന്നാൽ തുടർന്ന് വരുത്തിയ ചില അനാവശ്യ പിഴവുകളാണ് ഇന്ത്യൻ താരത്തിന് തിരിച്ചടിയായത്. മത്സരശേഷം നിരാശയേക്കാൾ അമർഷമാണ് സിന്ധുവിന്റെ വാക്കുകളിൽ പ്രകടമായത്.