ജിദ്ദ: ഐപിഎല്‍ പുതിയ സീസണിന്റെ താരലേലത്തില്‍ രണ്ടാം ദിനം വളരെയധികം കൗതുകം നിറഞ്ഞ ഒരു കാഴ്ച്ചയ്ക്കാണ് ആരാധകര്‍ സാക്ഷിയായത്. ലേലവേദിയില്‍ മുംബൈ ഇന്ത്യന്‍സിന്റേയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റേയും ടീം ഉടമകള്‍ പരസ്പരം കൈ കൊടുക്കുന്നതായിരുന്നു ആ കാഴ്ച്ച.

To advertise here,

ലേലത്തില്‍ ഇംഗ്ലീഷ് താരം വില്‍ ജാക്‌സിനെ ടീമിലെത്തിച്ചതിന് പിന്നാലെ മുംബൈയുടെ ഉടമ ആകാശ് അംബാനി ബെംഗളൂരു ടീം ഉടമകളുടെ അടുത്തെത്തി നന്ദി അറിയിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിന്റെ താരമായിരുന്ന വില്‍ ജാക്‌സിനെ നിലനിര്‍ത്താതെ വിട്ടു നല്‍കിയതാണ് ആകാശ് അംബാനിയുടെ ഈ സന്തോഷ പ്രകടനത്തിന് കാരണം. വില്‍ ജാക്‌സിനെ 'ആര്‍ടിഎം ഓപ്ഷന്‍' ഉപയോഗിച്ച് ബെംഗളൂരുവിന് നിലനിര്‍ത്താമായിരുന്നു. എന്നാല്‍ ബെംഗളൂരു അതിന് തയ്യാറായില്ല. ഇതോടെ 5.2 കോടി രൂപയ്ക്ക് വെടിക്കെട്ട് ബാറ്ററായ വില്‍ ജാക്‌സിനെ മുംബൈ പാളയത്തിലെത്തിച്ചു. പിന്നാലെ ബ്രേക്കിനിടെ ആകാശ് അംബാനി ബെംഗളൂരു ഉടമകളുടെ അടുത്തെത്തി നന്ദിയും അറിയിച്ചു.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വില്‍ ജാക്‌സിനായി മുംബൈയും പഞ്ചാബുമാണ് രംഗത്തെത്തിയത്. ഒടുവില്‍ 5.2 കോടി രൂപയ്ക്ക് മുംബൈ ലേലമുറപ്പിച്ചു. ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ച് താരത്തെ നിലനിര്‍ത്തുന്നുണ്ടോയെന്ന് ബെംഗളൂരുവിനോട് ലേലം നിയന്ത്രിച്ച മല്ലികാ സാഗര്‍ ചോദിച്ചു. ബെംഗളൂരു ഇല്ലെന്ന് അറിയിച്ചതോടെ മുംബൈയ്ക്ക് ആശ്വാസമായി. 

ഒരൊറ്റ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 230 റണ്‍സാണ് വില്‍ ജാക്ക്‌സണ്‍ നേടിയത്. 175 ആണ് സ്‌ട്രൈക്ക് റേറ്റ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ചുറിയും നേടി.