മ്യൂണിക്ക് (ജര്‍മനി): റഷ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമുകളെയും റഷ്യന്‍ ക്ലബ്ബുകളെയും ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ ആഗോള സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസ് റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള കരാര്‍ റദ്ദാക്കി. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ഈ നടപടി. ഫിഫയ്ക്കു പിന്നാലെ യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയും റഷ്യന്‍ ടീമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

To advertise here,

റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള കരാര്‍ റദ്ദാക്കിയ കാര്യം അഡിഡാസ് വക്താവിനെ ഉദ്ധരിച്ച് ബീഇന്‍ സ്‌പോര്‍ട്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ദീര്‍ഘ കാലത്തെ ബന്ധമാണ് അഡിഡാസിനുള്ളത്. എന്നാല്‍ രാജ്യത്തിന്റെ യുക്രൈന്‍ അധിനിവേശത്തിനെതിരേ കായിക ലോകം ഒന്നിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ അഡിഡാസും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു.

ഇതോടെ കായികരംഗത്ത് റഷ്യ ഒറ്റപ്പെട്ട അവസ്ഥയിലാണ്. റഷ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമുകളെയും റഷ്യന്‍ ക്ലബ്ബുകളെയും ഫിഫയും യുവേഫയും വിലക്കിയതോടെ ഈ ടീമുകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. അടുത്ത മാസം നടക്കേണ്ട ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് റഷ്യക്ക് വിട്ടുനില്‍ക്കേണ്ടിവരും. അതോടെ ലോകകപ്പ് ഫൈനല്‍റൗണ്ടും നഷ്ടമാവും. യൂറോ 2022 ചാമ്പ്യന്‍ഷിപ്പില്‍ റഷ്യന്‍ വനിതാടീമിനും പങ്കെടുക്കാനാവില്ല. യൂറോപ്പാ ലീഗില്‍ നിന്ന് സ്പാര്‍ട്ടക് മോസ്‌കോയും പുറത്താവും. അതോടെ ആര്‍.ബി. ലെയ്പ്‌സിഗ് ക്വാര്‍ട്ടറിലെത്തും. റഷ്യന്‍ ഊര്‍ജഭീമന്‍മാരായ ഗാസ്‌പ്രോമുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് യുവേഫ അവസാനിപ്പിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ആതിഥ്യം വഹിക്കുന്നതില്‍നിന്ന് റഷ്യയെ ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ നേരത്തെ വിലക്കിയിരുന്നു. രാജ്യത്തിന്റെ ദേശീയപതാകയ്ക്കും ദേശീയഗാനത്തിനും വിലക്കുണ്ട്. റഷ്യ നിഷ്പക്ഷ വേദികളില്‍ കളിക്കണമെന്നായിരുന്നു ആദ്യതീരുമാനം. എന്നാല്‍, റഷ്യയെ ഫുട്‌ബോളില്‍നിന്ന് സമ്പൂര്‍ണമായി വിലക്കണമെന്നാണ് പല യൂറോപ്യന്‍ രാജ്യങ്ങളും ആവശ്യപ്പെട്ടു. റഷ്യക്കെതിരേ കളിക്കില്ലെന്ന് പോളണ്ടും സ്വീഡനും ചെക്ക് റിപ്പബ്ലിക്കും വ്യക്തമാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി റഷ്യക്ക് നേരത്തേതന്നെ നഷ്ടമായിരുന്നു.

റഷ്യയിലും ബെലാറുസിലും നടത്താനിരിക്കുന്ന എല്ലാ മത്സരങ്ങളും റദ്ദാക്കുകയോ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയോ വേണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യ ഒളിമ്പിക് ചട്ടം ലംഘിച്ചെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

റഷ്യ, ബെലാറൂസ് താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും രാജ്യങ്ങള്‍ക്ക് ഐ.ഒ.സി. നിര്‍ദേശം നല്‍കി. റഷ്യ എന്ന ബാനറിന് കീഴില്‍ എവിടെയും മത്സരിക്കാന്‍ താരങ്ങളെ അനുവദിക്കില്ല.

റഷ്യയെ അപലപിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ). റഷ്യയുടെ മുന്‍ ഉപപ്രധാനമന്ത്രി അര്‍ക്കാഡി ദോര്‍ക്കോവിച്ച് ആണ് ഫിഡെയുടെ തലവന്‍. റഷ്യ, ബെലാറുസ് കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കാന്‍ ഫിഫ തീരുമാനിച്ചു.

റഷ്യയിലും ബെലാറൂസിലും നടത്താനിരുന്ന എല്ലാ ടൂര്‍ണമെന്റുകളും റദ്ദാക്കിയതായി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചു.