ബുള്ളറ്റ് ഹെഡ്ഡറുകൾ, വെടിച്ചില്ല് ഷോട്ടുകൾ, നിരനിരയായി മുന്നേറ്റങ്ങൾ.. ആ പത്ത് പേരെയും കടന്ന് ഗോൾവരയ്ക്ക് തൊട്ടടുത്തുവരെയെത്തി യൂറോപ്യൻ ചാമ്പ്യന്മാരെന്ന പകിട്ടോടെ വിശ്വവേദിയിലെത്തിയ ലുയിസ് ഫുയെൻഡെയുടെ സൈന്യം. അത്രമാത്രം. അതിനപ്പുറത്തേക്ക് കടന്നില്ല. തന്നെ മറികടന്ന് പന്ത് ഗോൾവല കുലുക്കില്ലെന്ന് ഒരു നാൽപ്പതുകാരൻ കട്ടായം പറഞ്ഞു. ജീവൻ കൊടുത്തും പോരാടുമെന്ന പ്രഖ്യാപനം. അവിടെ യൂറോപ്പിനെ അടക്കിഭരിച്ച സ്വപ്നസംഘത്തിന് നിരാശയോടെ മടങ്ങേണ്ടിവന്നു. നാൽപ്പതാം വയസ്സിൽ ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്ന ഒരു മനുഷ്യന്റെ അസാമാന്യ പോരാട്ടം. ഒരു ചങ്കുറപ്പിന്റെ പേര് കൂടിയാണ് വൊസിന്യ.

To advertise here,

ആദ്യമായി ലോകകപ്പിനെത്തുന്ന പകപ്പൊന്നുമില്ലാതെ കളത്തിലിറങ്ങി സ്‌പെയിനിനെയും ഫുട്‌ബോൾ ലോകത്തെയും ഒന്നാകെ കേപ് വെർദെ എന്ന കുഞ്ഞൻ രാജ്യം ഞെട്ടിക്കുന്നത് വൊസിന്യയെന്ന അവരുടെ ഗോൾകീപ്പറുടെ ബലത്തിലാണ്. അയാളുടെ അസാമാന്യ പ്രകടനത്തിൽ കേപ് വെർദെ സ്വന്തമാക്കിയത് ജയത്തോളം പോന്ന സമനിലയാണ്. സ്പാനിഷ് സംഘത്തെ അവർ ഒന്നാകെ പിടിച്ചുകെട്ടി. ലോകകപ്പിൽ അരങ്ങേറുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് വൊസിന്യ മത്സരം ആരംഭിച്ചത്. സ്‌പെയിൻ താരങ്ങളായ ഫെറാൻ ടോറസിന്റെയും മീക്കേൽ ഒയർസബാലിന്റെയും അടക്കം ഗോളെന്നുറച്ച ഏഴോളം ഷോട്ടുകളാണ് വൊസിന്യ തടുത്തിട്ടത്. കടുപ്പമേറിയ കേപ് വെർദെ പ്രതിരോധത്തെ മറകടന്നാലും സ്‌പെയിനിന് മുന്നിൽ വൊസിന്യ മതിലുപോലെ നിന്നു.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഐമറിക് ലപോർട്ടെയുടെ ഗോളെന്നുറച്ച ഷോട്ട് വൊസിന്യ രക്ഷിച്ചെടുത്തത് അദ്ഭുതത്തോടെയാണ് ഫുട്‌ബോൾ ലോകം കണ്ടുനിന്നത്. രണ്ടാം പകുതിയുടെ അവസാനം സൂപ്പർ താരം ലമീൻ യമാലിനെയും നിക്കോ വില്ല്യംസിനെയും കളത്തിലിറക്കിയെങ്കിലും ആ നാൽ‍പ്പതുകാരനെ മറികടക്കാനായില്ല. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ക്ലീൻ‍ ഷീറ്റ്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമല്ല. ഈ നിമിഷത്തിന് വേണ്ടിയാണ് ജീവിതത്തിൽ ഇത്രയുംനാൾ കാത്തിരുന്നതെന്ന് പറഞ്ഞ് മത്സരശേഷം വൊസിന്യ കണ്ണീരണിഞ്ഞു. പതാകയുമേന്തി മൈതാനത്ത് നടന്നു. ആരാധകരെ അഭിവാദ്യം ചെയ്തു. ഇതാ ഈ നാൽപ്പതുകാരൻ ആ രാജ്യത്തിന്റെ ഹീറോയാകുന്നു.

യോസിമാർ ഹൊസെ എവോറ ഡിയാസ് എന്നാണ് വൊസിന്യയുടെ മുഴുവൻ പേര്. കേപ് വെർദെയിലെ മിൻഡെലോയിൽ ജനിച്ച താരം 2012-ലാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചത്. ദേശീയ ടീമിനായി തൊണ്ണൂറോളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് ഈ 40-കാരൻ ലോകകപ്പിനെത്തിയത്. 2007-ൽ കേപ് വെർദെയിലെ ബടുക് എഫ്സിയിലൂടെയാണ് വൊസിന്യ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. തുടർന്ന് അംഗോള, മോൾഡോവ, പോർച്ചുഗൽ, സൈപ്രസ്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി കളിച്ചു. നിലവിൽ പോർച്ചുഗലിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷാവേസിനു വേണ്ടിയാണ് കളിക്കുന്നത്.

"എന്റെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് ഞാൻ വളർന്നത്. സങ്കടകരമെന്ന് പറയട്ടെ, അവർ ഇന്നില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ മരിച്ചുപോയി. അവർ എനിക്ക് എല്ലാമായിരുന്നു, എന്റെ ജീവിതത്തിലെ എല്ലാം. അതുകൊണ്ടാണ് ഞാൻ കരഞ്ഞത്’, കളിയിലെ താരമായതിന് പിന്നാലെ വൊസിന്യ പറഞ്ഞു. എൻ്റെ അമ്മയ്ക്കും വിസ പ്രശ്നങ്ങൾ കാരണം ഇവിടെയെത്താൻ കഴിഞ്ഞില്ല. വിസയ്ക്ക് നൽകേണ്ട പണം കാരണം, ഞങ്ങൾ സമയത്തിന് കാര്യങ്ങൾ പൂർത്തിയാക്കാനായില്ല. അവർ ഇവിടെ വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെന്നും വൊസിന്യ കൂട്ടിച്ചേർത്തു.

ലോകകപ്പിലെ പ്രകടനത്തിന് പിന്നാലെ വൊസിന്യയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് കുതിക്കുകയാണ്. മത്സരത്തിന് മുൻപ് വെറും 50,000 ഫോളോവേഴ്സ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 50 ലക്ഷം കവിഞ്ഞു.

25 വയസ്സുള്ളപ്പോഴാണ് താരം പ്രൊഫഷണൽ ഫുട്ബോൾ കളിക്കാൻ തുടങ്ങിയത്. ഒരു ഘട്ടത്തിൽ ദേശീയ ടീം വിട്ടാലോ എന്നുവരെ ചിന്തിച്ചിരുന്നു. പക്ഷെ, ലോകകപ്പ് സ്വപ്നം കാരണമാണ് ടീമിൽ തുടർന്നത്. ഇന്ന് ലോകകപ്പിൽ രാജ്യത്തിന് സ്വപ്നസമാനമായ സമനില സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തളരാതെ പോരാടാൻ വൊസിന്യയുണ്ട്. അതിനാൽ കേപ് വെർദെ സ്വപ്നങ്ങൾ കണ്ടുതുടങ്ങുകയാണ്. ഇനിയും അദ്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് ഫുട്ബോൾ ലോകം.