മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ പുറത്താക്കി സ്പാനിഷ് ക്ലബ്ബ് വിയ്യാറയല്‍ സെമിയില്‍. ബയേണിന്റെ സ്വന്തം മൈതാനമായ അലയന്‍സ് അരീനയില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ സമനില പിടിച്ചതോടെയാണ് വിയ്യാറയല്‍ സെമിയിലേക്ക് മുന്നേറിയത്. 

To advertise here,

ആദ്യ പാദത്തില്‍ സ്വന്തം മൈതാനത്ത് ബയേണിനെ 1-0ന് പരാജയപ്പെടുത്തിയ വിയ്യാറയല്‍ രണ്ടാം പാദത്തില്‍ ടീമിന്റെ കരുത്തുറ്റ പ്രതിരോധ മികവില്‍ 1-1 ന് സമനില പിടിക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 2-1 ന്റെ ജയം. ഇത് രണ്ടാം തവണ മാത്രമാണ് വിയ്യാറയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടക്കുന്നത്. ഇതിനു മുമ്പ് 2005-06 സീസണിലായിരുന്നു ടീമിന്റെ സെമി പ്രവേശനം.

ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ആനുകൂല്യമുണ്ടായിരുന്നതിനാല്‍ ടീമിനെ പ്രതിരോധത്തിന്റെ സകല പാഠങ്ങളും പഠിപ്പിച്ചാണ് കോച്ച് ഉനായ് എമിറി വിയ്യാറയലിനെ കളത്തിലിറക്കിയത്. ആദ്യ പാദത്തില്‍ അത് ഫലപ്രദമായി നടപ്പാക്കാനും ടീമിനായി. 

എന്നാല്‍ 52-ാം മിനിറ്റില്‍ അവരുടെ പ്രതിരോധപ്പൂട്ട് പൊട്ടിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേണിന് സമനില നേടിക്കൊടുത്തു. തോമസ് മുള്ളറുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. പിന്നാലെ ബയേണ്‍ ഒന്നിനു പുറകെ ഒന്നായി സ്പാനിഷ് ക്ലബ്ബിന്റെ ഗോള്‍മുഖം ആക്രമിക്കാന്‍ തുടങ്ങി.

എന്നാല്‍ 88-ാം മിനിറ്റില്‍ സാമുവല്‍ ചുക്‌വുസെ കളിയുടെ തിരക്കഥ മാറ്റിയെഴുതി. ജെറാര്‍ഡ് മൊറീനോ നല്‍കിയ നല്‍കിയ പാസ് ചുക്‌വുസെ ബയേണ്‍ വലയിലെത്തിച്ചതോടെ വിയ്യാറയല്‍ സെമി സ്വപ്‌നം കണ്ടു. പിന്നീടുള്ള സമയം ബയേണിന്റെ കടുത്ത ആക്രമണങ്ങള്‍ പ്രതിരോധിച്ച വിയ്യാറയല്‍ സെമി ബര്‍ത്തും ഉറപ്പാക്കി.