ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ. റോമയ്ക്കെതിരേ എസ്റ്റാഡിയോ ഒളിമ്പിക്കോയിൽ നടന്ന മത്സരത്തിലാണ് 27-ാം വയസിൽ എംബാപ്പെ ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ റയൽ മാഡ്രിഡ് 4-3 എന്ന സ്കോറിന് വിജയിച്ചപ്പോൾ, ആദ്യ പകുതിയിൽ സമനില ഗോൾ നേടി എംബാപ്പെ തങ്ങളുടെ ഈ വലിയ നേട്ടം ആഘോഷമാക്കി.
2015 സെപ്റ്റംബറിൽ റോമയ്ക്കെതിരേ തന്നെ 28-ാം വയസിൽ ഈ റെക്കോഡ് കുറിച്ച ലയണൽ മെസ്സിയുടെ നേട്ടമാണ് എംബാപ്പെ മറികടന്നത്. 17-ാം വയസിൽ, 2016 സെപ്റ്റംബറിൽ മൊണാക്കോയ്ക്ക് വേണ്ടിയായിരുന്നു എംബാപ്പെയുടെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം.
പരിശീലകൻ ഹോസെ മൗറീന്യോയുടെ സ്റ്റാർട്ടിങ് ലൈനപ്പിൽ സെന്റർ ഫോർവേഡായി ഇറങ്ങിയ എംബാപ്പെയുടെ 72-ാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു. ഇതോടെ മുൻ റയൽ താരം റൗൾ ഗോൺസാലസിനെ മറികടന്ന് ചാമ്പ്യൻസ് ലീഗ് എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ എംബാപ്പെ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം ഇന്റർ മിലാനെതിരായ 2-1 വിജയത്തിലും റയലിന്റെ ആദ്യ ഗോൾ എംബാപ്പെ നേടിയിരുന്നു.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുകളോടെ എംബാപ്പെ ഗോൾവേട്ടയിൽ ഒന്നാമതായിരുന്നു. ഒളിമ്പ്യാക്കോസിനെതിരായ മത്സരത്തിൽ വെറും ആറു മിനിറ്റും 42 സെക്കൻഡും കൊണ്ട് ഹാട്രിക് നേടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഹാട്രിക്കും താരം കുറിച്ചിരുന്നു.
മെസ്സിയുടെ റെക്കോഡ് തകർത്ത് ഹാളണ്ട്
ബുധനാഴ്ച മെസ്സിക്ക് മറ്റൊരു റെക്കോർഡ് കൂടി നഷ്ടമായി. പിഎസ്ജിക്കെതിരായ മത്സരത്തിൽ മാഞ്ചെസ്റ്റർ സിറ്റി 4-2 ന് തോറ്റെങ്കിലും ഇരട്ട ഗോളുകൾ നേടിയ എർലിങ് ഹാളണ്ട് ടൂർണമെന്റിലെ തന്റെ ഗോൾ നേട്ടം 60 മത്സരങ്ങളിൽ നിന്ന് 61 ഗോൾ ആക്കി ഉയർത്തി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ 60 ഗോളുകൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഹാളണ്ട് സ്വന്തമാക്കി. 26 വയസും 85 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഹാളണ്ടിന്റെ നേട്ടം. മെസ്സിയുടെ റെക്കോർഡ് ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഹാലണ്ട് മറികടന്നത്.
Content Highlights: Kylian Mbappe becomes the youngest player to reach 100 Champions League matches at age 27., Mbappe surpasses Lionel Messi's previous record set in 2015 against Roma., Mbappe moves to fifth place in the all-time Champions League top scorers list, passing Raul Gonzalez., Erling Haaland breaks Messi's record by becoming the youngest player to score 61 goals in 60 Champions League matches.
Published: 15 Oct 2026, 11:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented