കോഴിക്കോട്: കേരള ഫുട്‌ബോളിന് മികച്ച സംഭാവനകള്‍ നല്‍കിയ താരമായിരുന്നു അന്തരിച്ച എം.ആര്‍ ജോസഫെന്ന് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറും കേരള ടീം ക്യാപ്റ്റനുമായിരുന്ന വിക്ടര്‍ മഞ്ഞില. 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ ടീമിലെ സഹതാരങ്ങളായിരുന്നു ഇരുവരും.

To advertise here,

''എഫ്എസിടിയില്‍ കളിക്കുമ്പോഴാണ് ആദ്യമായി എം.ആര്‍ ജോസഫിനെ പരിചയപ്പെടുന്നത്. എന്നാല്‍ കൂടുതല്‍ അടുത്തിടപഴകുന്നത് 1973-ലെ സന്തോഷ് ട്രോഫി ക്യാമ്പിലാണ്. വളരെ സൗമ്യനായ എല്ലാവരോടും ചിരിച്ച് ഇടപഴകുന്ന ഒരാള്‍. സൈമണ്‍ സുന്ദരരാജ് സാറിന്റെ നിര്‍ദേശങ്ങളും ആശയവും അനുസരിച്ച് കളിക്കാന്‍ സാധിക്കുന്ന താരമായിരുന്നു ജോസഫ്. അത് തന്നെയാണ് അദ്ദേഹത്തെ സന്തോഷ് ട്രോഫി ടീമിലെത്തിച്ച ഘടകവും. 1975-76 കോഴിക്കോട് നടന്ന സന്തോഷ് ട്രോഫിയില്‍ ഞാന്‍ ക്യാപ്റ്റനായിരുന്ന ടീമിലും ജോസഫ് ഉണ്ടായിരുന്നു. വളരെ വേഗത്തില്‍ വിങ്ങിലൂടെ ബോക്‌സിലേക്ക് പന്തെത്തിക്കാന്‍ മിടുക്കനായിരുന്നു എം.ആര്‍.'' - വിക്ടര്‍ മഞ്ഞില മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

1973-ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ അംഗമായിരുന്ന എം.ആര്‍ ജോസഫ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 1972 മുതല്‍ 1975 വരെ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. കേരള ടീമിന് പുറമെ എഫ്എസിടി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ടീമുകള്‍ക്കായും കളിച്ചു.