സൂറിച്ച്: ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയിലേക്ക് സ്വകാര്യനിക്ഷേപകരെ കൊണ്ടുവരാനുള്ള പ്രസിഡന്റ് ജിയാനോ ഇൻഫാന്റിനോയുടെ നീക്കത്തിൽ വ്യാപകപ്രതിഷേധം. യൂറോപ്യൻ ഫുട്ബോൾ കൂട്ടായ്മയായ യുവേഫ, ഫിഫയുടെ ബഹിഷ്‌കരണ ഭീഷണിയുമായി രംഗത്തെത്തി. ഭാവിയിൽ ഫിഫ നടത്തുന്ന ഒരു ടൂർണമെന്റിലും പങ്കെടുക്കില്ലെന്നാണ് ഭീഷണി. ലോകകപ്പ് ജേതാക്കളായ സ്പെയിൻ ഉൾപ്പെടെ സംഘടനയിലെ 55 അംഗങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും യുവേഫ വ്യക്തമാക്കി.

To advertise here,

ജിയാനി ഇൻഫാന്റിനോയുടെ നിർദേശങ്ങൾ അംഗരാജ്യങ്ങൾ വോട്ടെടുപ്പിലൂടെ അംഗീകരിക്കുകയാണെങ്കിൽ യുവേഫ ബഹിഷ്‌കരണത്തിലേക്ക് കടക്കും. പുരുഷ-വനിതാ ലോകകപ്പുകളും ക്ലബ് ലോകകപ്പും ഉൾപ്പെടെയുള്ള എല്ലാ ഫിഫ മത്സരങ്ങളും ഇതോടെ യൂറേപ്യൻ ടീമുകളില്ലാതെ നടത്തേണ്ടിവരും.

'ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ഒരിക്കലും ലാഭത്തിനുവേണ്ടിയുള്ള നിക്ഷേപ പദ്ധതിയല്ല. മറിച്ച്, കായികലോകത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാണ്. അത് വിൽക്കാനുള്ളതല്ല' -യുവേഫ വ്യക്തമാക്കി. ഫുട്‌ബോളിന്റെ ഭാവി ഏതാനും സ്വകാര്യ വ്യക്തികളുടെ ലാഭക്കൊതിക്ക് മുന്നിൽ പണയം വെക്കാൻ അനുവദിക്കില്ലെന്ന് യുവേഫ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ലോകകപ്പ് കച്ചവടത്തിനുള്ള ഒരു നിക്ഷേപ ഉത്പന്നമല്ല. അത് തലമുറകളായി താരങ്ങളും ആരാധകരും പടുത്തുയർത്തിയ ഫുട്‌ബോളിന്റെ ഏറ്റവും വലിയ പാരമ്പര്യമാണ്. അതിൽ ഒരു പങ്ക് പോലും സ്വകാര്യ നിക്ഷേപകർക്ക് വിറ്റഴിക്കാൻ കഴിയില്ല. ലോകകപ്പ് വിൽക്കാനുള്ളതല്ല. ബാഹ്യ നിക്ഷേപകർ എത്തുന്നതോടെ ഫുട്‌ബോളിന്റെ സ്വഭാവം തന്നെ മാറും. കളിയുടെ വളർച്ചയേക്കാൾ നിക്ഷേപകരുടെ ലാഭവിഹിതത്തിനായിരിക്കും പിന്നീട് മുൻഗണന നൽകേണ്ടി വരിക. വരുംതലമുറയ്ക്കായി സൂക്ഷിക്കേണ്ട ഈ കായിക പാരമ്പര്യം വിൽക്കാൻ ആർക്കും ധാർമ്മികമായ അവകാശമില്ലെന്നും യുവേഫ പ്രസ്താവനയിൽ പറഞ്ഞു.

ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ നടത്തുന്ന ഫിഫയ്ക്കു കീഴിലെ ഫിഫ ഫോർവേർഡ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനായിരുന്നു ഇൻഫാന്റിനോയുടെ നീക്കം. 40,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. ഈ പശ്ചാത്തലത്തിൽ വ്യാഴാഴ്ച അടിയന്തരയോഗം ചേർന്നാണ് യുവേഫ നിലപാട് വ്യക്തമാക്കിയത്.

ലോകകപ്പ് അടക്കമുള്ള ഫിഫയുടെ ടൂർണമെന്റുകൾ നടത്താൻ സബ്‌സിഡിയറി ആരംഭിക്കാനാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പദ്ധതി. പുറത്തുനിന്നുള്ള നിക്ഷേപകർക്ക് ഈ കമ്പനിയുടെ ഓഹരികൾ വാങ്ങാൻ സാധിക്കും. ഫിഫ ഫോർവേഡ് എന്റർപ്രൈസിലെ നിക്ഷേപകർക്ക് നിയന്ത്രണാധികാരമില്ലാത്ത ഓഹരികൾ മാത്രം അനുവദിക്കുക എന്നതാണ് ഇൻഫാന്റിനോയുടെ നിർദേശത്തിലുള്ളത്.