ലണ്ടന്‍: യുവേഫ നേഷന്‍സ് ലീഗില്‍ സമനിലകളുടെ ദിനം. കരുത്തരായ ഇംഗ്ലണ്ട്, ജര്‍മനി, ഇറ്റലി, ബെല്‍ജിയം ടീമുകള്‍ സമനിലക്കുരുക്കില്‍ വീണു. ആരാധകര്‍ ഉറ്റുനോക്കിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇറ്റലി സമനിലയില്‍ പിടിച്ചപ്പോള്‍ വെയ്ല്‍സ്-ബെല്‍ജിയം മത്സരവും ജര്‍മനി-ഹംഗറി മത്സരവും സമനിലയില്‍ കലാശിച്ചു. 

To advertise here,

ലീഗ് എ യിലെ ഗ്രൂപ്പ് മൂന്നിലെ പോരാട്ടത്തില്‍ ഇംഗ്ലണ്ടും ഇറ്റലിയും ഗോള്‍രഹിത സമനില വഴങ്ങി. യൂറോകപ്പ് ഫൈനലിന് സമാനമായ മത്സരത്തില്‍ ഇരുടീമുകളും പ്രതിരോധത്തിനാണ് കൂടുതല്‍ ശ്രദ്ധകൊടുത്തത്. മത്സരത്തില്‍ ഇംഗ്ലണ്ടിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നിട്ടും ഗോള്‍ മാത്രം അകന്നുനിന്നു. ഈ സമനിലയോടെ ഇംഗ്ലണ്ടിന്റെ സ്ഥിതി പരുങ്ങലിലായി. 

മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ത്രീ ലയണ്‍സ് ഇതുവരെ വിജയം നേടിയിട്ടില്ല. രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങിയപ്പോള്‍ ഒരു മത്സരത്തില്‍ പരാജയപ്പെട്ടു. ഗ്രൂപ്പില്‍ അവസാനസ്ഥാനക്കാരാണ് ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് പോയന്റ് മാത്രമാണ് ടീമിനുള്ളത്. എന്നാല്‍ സമനില വഴങ്ങിയിട്ടും ഇറ്റലി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റാണ് ടീമിനുള്ളത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജര്‍മനിയെ ഹംഗറി സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ജര്‍മനിയ്ക്കായി ജോനാസ് ഹോഫ്മാനും ഹംഗറിയ്ക്കായി സോള്‍ട്ട് നാഗിയും സ്‌കോര്‍ ചെയ്തു. ഈ സമനിലയോടെ ഹംഗറി രണ്ടാം സ്ഥാനം നേടി. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് ജര്‍മനിയും വിജയം നേടാനാകാതെ പതറുകയാണ്. മൂന്ന് മത്സരങ്ങളിലും ടീം സമനില വഴങ്ങി. 

ലീഗ് എ യിലെ ഗ്രൂപ്പ് നാലില്‍ നടന്ന പോരാട്ടത്തില്‍ കരുത്തരായ ബെല്‍ജിയത്തെ വെയ്ല്‍സ് സമനിലയില്‍ തളച്ചു. ബെല്‍ജിയത്തിനായി യൂറി ടിയെല്‍മാന്‍സും വെയ്ല്‍സിനായി ബ്രണ്ണന്‍ ജോണ്‍സണും വലകുലുക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ ഹോളണ്ടിനെ പോളണ്ട് സമനിലയില്‍ കുരുക്കി. 

ഹോളണ്ടിനായി ഡാവി ക്ലാസണ്‍, ഡെന്‍സല്‍ ഡംഫ്രൈസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ പോളണ്ടിനായി മാറ്റി ക്യാഷ്, പിയോട്ടര്‍ സിയെലിന്‍സ്‌കി എന്നിവരും ലക്ഷ്യം കണ്ടു. ഗ്രൂപ്പില്‍ ഏഴ് പോയന്റുമായി ഹോളണ്ടാണ് ഒന്നാമത്. ബെല്‍ജിയം രണ്ടാമതും പോളണ്ട് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. വെയ്ല്‍സ് നാലാമതാണ്.