ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗില്‍ പുതിയ സീസണില്‍ മികച്ച തുടക്കവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കന്‍ ക്ലബ്ബ് വിക്ടോറിയ പില്‍സണെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. ഈ സീസണില്‍ ടീമിലെത്തിയ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക്കാണ് ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 34, 45+3, 67 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ ആറാം ഹാട്രിക്കാണിത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് ക്ലബ്ബുകള്‍ക്കായി ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടവും ലെവന്‍ഡോസ്‌കി സ്വന്തമാക്കി. ബാഴ്‌സലോണയ്ക്കായി ആദ്യ ഹാട്രിക്ക് നേടിയ താരം നേരത്തെ ജര്‍മന്‍ ക്ലബ്ബുകളായ ബയേണ്‍ മ്യൂണിക്കിനും ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനും വേണ്ടി ഹാട്രിക്ക് നേടിയിട്ടുണ്ട്. 13-ാം മിനിറ്റില്‍ ഫ്രാങ്ക് കെസ്സിയും 71-ാം മിനിറ്റില്‍ ഫെറാന്‍ ടോറസുമാണ് ബാഴ്‌സയ്ക്കായി മറ്റ് ഗോളുകള്‍ നേടിയത്. 44-ാം മിനിറ്റില്‍ യാന്‍ സിക്കോരയാണ് വിക്ടോറിയ പില്‍സന്റെ ആശ്വാസ ഗോള്‍ നേടിയത്.

To advertise here,

ക്ലോപ്പിന്റെ ചെമ്പടയെ മുക്കി നാപ്പോളി

മറ്റൊരു മത്സരത്തില്‍ കരുത്തരായ ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിനെ പൊളിച്ചടുക്കി ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളി. ഗ്രൂപ്പ് എയില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു നാപ്പോളിയുടെ ജയം. നാപ്പോളിയിലെ ഡിയഗോ അര്‍മാന്‍ഡോ മാറഡോണ സ്‌റ്റേഡിയത്തില്‍ 2021-22 സീസണിലെ ചാമ്പ്യന്‍സ് ലീഗ് റണ്ണറപ്പുകള്‍ ആദ്യ 45 മിനിറ്റിനുള്ളില്‍ തന്നെ കളി കൈവിട്ടിരുന്നു. പെനാല്‍റ്റിയിലൂടെ അഞ്ചാം മിനിറ്റില്‍ തന്നെ സിയെലിന്‍സ്‌കി നാപ്പോളിയെ മുന്നിലെത്തിച്ചു. 31-ാം മിനിറ്റില്‍ ഫ്രാങ്ക് അംഗ്വിസ്സ അവരുടെ ലീഡുയര്‍ത്തി. 44-ാം മിനിറ്റില്‍ ജിയോവാന്നി സിമിയോണി ഇറ്റാലിയന്‍ ക്ലബ്ബിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 47-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം ഗോള്‍ കുറിച്ച സിയെലിന്‍സ്‌കി നാപ്പോളിയുടെ ഗോള്‍ പട്ടിക തികച്ചു. 49-ാം മിനിറ്റില്‍ ലൂയിസ് ഡിയാസിന്റെ ബൂട്ടില്‍ നിന്നായിരുന്നു ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍.

മറ്റു മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക് ഇന്റര്‍ മിലാനെയും (2-0), അത്‌ലറ്റിക്കോ മഡ്രിഡ് എഫ്‌സി പോര്‍ട്ടോയെയും (2-1), ടോട്ടനം മാഴ്‌സയെയും (2-0), സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെയും (3-0), അയാക്‌സ് റേഞ്ചേഴ്‌സിനെയും (4-0), ക്ലബ്ബ് ബ്രുഗ്ഗ്, ബയേര്‍ ലെവര്‍കൂസനെയും (1-0) തോല്‍പ്പിച്ചു.