ഇസ്താംബൂള്‍: ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ഞായറാഴ്ച മാഞ്ചെസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. ഇസ്താംബൂളില്‍ വെച്ച് നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനെ കീഴടക്കിയാണ് സിറ്റി കിരീടം നേടിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി വിജയിച്ചത്. 

To advertise here,

വിജയിച്ചതിന് ശേഷം മുന്‍ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിന് മുന്നറിയിപ്പുമായി മാഞ്ചെസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള രംഗത്തുവന്നു. ഏറ്റവും കൂടുതല്‍ തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട റയലിനോട് കരുതിയിരിക്കാനാണ് പെപ് പറഞ്ഞത്. 

'കരുതിയിരുന്നോളൂ റയല്‍ മഡ്രിഡ്, ഞങ്ങള്‍ 13 യുസിഎല്‍ കിരീടങ്ങള്‍ അകലെയാണ്. പക്ഷേ ഞങ്ങള്‍ വരുന്നുണ്ട്. ആ പാതയിലാണ് ഞങ്ങള്‍'- പെപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

14 തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ ജേതാക്കളായത്. ഏഴ് തവണ ജേതാക്കളായ എസി മിലാനാണ് പിന്നില്‍. ലിവര്‍പൂളും ബയേണും ആറ് തവണ വീതം യുസിഎല്‍ കിരീടം നേടിയിട്ടുണ്ട്. സീസണില്‍ ഇതോടെ മാഞ്ചെസ്റ്റര്‍ സിറ്റി ട്രബിള്‍ നേട്ടവും കൈവരിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും എഫ്എ കപ്പും നേരത്തേ സിറ്റി സ്വന്തമാക്കിയിരുന്നു. ട്രബിള്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബ്ബാണ് സിറ്റി. 1998/99 സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് ഇതിന് മുമ്പ് ട്രബിള്‍ നേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് ക്ലബ്ബ്.