മാഡ്രിഡ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇത്തവണയും സ്വപ്‌നമായി തന്നെ അവശേഷിക്കും. ആദ്യ പാദത്തില്‍ ഒരു ഗോളിന് പിന്നില്‍ പോയ റയല്‍ മാഡ്രിഡ് സ്വന്തം മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവില്‍ നടന്ന നടന്ന രണ്ടാം പാദത്തിലെ തകര്‍പ്പന്‍ ജയത്തോടെ (3-1) പിഎസ്ജിയെ മറികടന്ന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

To advertise here,

മാഡ്രിയില്‍ കരീം ബെന്‍സേമയുടെ ഹാട്രിക്കാണ് റയലിന് കരുത്തായത്. ഇരു പാദങ്ങളിലുമായി 3-2 എന്ന സ്‌കോറിനായിരുന്നു റയലിന്റെ ജയം. 

കിലിയന്‍ എംബാപ്പെ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരടക്കം ആദ്യ ഇലവനില്‍ ഇറങ്ങിയപ്പോള്‍ സാന്തിയാഗോ ബെര്‍ണബ്യുവില്‍ തുടക്കത്തില്‍ തന്നെ പിഎസ്ജി, റയലിനെ പ്രതിരോധത്തിലാക്കി. ഇടതു വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങളിലൂടെ എംബാപ്പെ റയല്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. 34-ാം മിനിറ്റില്‍ എംബാപ്പെ സ്‌കോര്‍ ചെയ്‌തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ 39-ാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ നിന്ന് എംബാപ്പെ പിഎസ്ജിയെ മുന്നിലെത്തിച്ചു. ഇതോടെ അഗ്രഗേറ്റില്‍ അവര്‍ 2-0ന് മുന്നിലെത്തി. 

രണ്ടാം പകുതിയുടെ തുടക്കത്തിലും പിഎസ്ജിക്കായിരുന്നു മുന്‍തൂക്കം. 54-ാം മിനിറ്റിലും എംബാപ്പെയുടെ ഒരു ഗോള്‍ ഓഫ്‌സൈഡായി. 

61-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ഡൊണ്ണരുമ്മയുടെ പിഴവിന് പിഎസ്ജി വലിയ വിലകൊടുക്കേണ്ടി വന്നു. പന്ത് ക്ലിയര്‍ ചെയ്യാന്‍ വൈകിയ ഡൊണ്ണരുമ്മയുടെ പിഴവ് മുതലെടുത്ത് ബെന്‍സേമ റയലിനായി ഒരു ഗോള്‍ മടക്കി. ബെന്‍സേമയുടെ ഇടപെടലില്‍ നിന്ന് പന്ത് ലഭിച്ച വിനീഷ്യസ് ജൂനിയര്‍ അത് തിരിച്ച് ബെന്‍സേമയ്ക്ക് തന്നെ മറിച്ച് നല്‍കി. സമയമൊട്ടും കളയാതെ ബെന്‍സേമ പന്ത് വലയിലെത്തിച്ചു. 

തുടര്‍ന്നങ്ങോട്ട് റയല്‍ കളംപിടിക്കുന്ന കാഴ്ചയായിരുന്നു. 76-ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിന്റെ മികച്ചൊരു മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മോഡ്രിച്ച് നല്‍കിയ പാസ് സ്വീകരിച്ച വിനീഷ്യസ് അത് മോഡ്രിച്ചിന് തന്ന മറിച്ചു. പിഎസ്ജി ഡിഫന്‍സിനെ കാഴ്ചക്കാരാക്കി മോഡ്രിച്ച് നല്‍കിയ പാസ് ബെന്‍സേമ വലയിലെത്തിക്കുകയായിരുന്നു. ഇതോടെ അഗ്രഗേറ്റില്‍ റയല്‍ 2-2ന് ഒപ്പമെത്തി. 

രണ്ടാം ഗോള്‍ വീണതിന്റെ ഞെട്ടല്‍ മാറും മുമ്പ് തന്നെ റയല്‍ വിജയ ഗോളും കണ്ടെത്തി. 78-ാം മിനിറ്റില്‍ തന്റെ ഹാട്രിക്ക് തികച്ച ബെന്‍സേമ റയലിന് ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റും നല്‍കി. 

ആദ്യ പാദത്തില്‍ പിന്നിലായ ശേഷം റയല്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തില്‍ വിജയം നേടുന്നത് ഇത് നാലാം തവണയാണ്. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ഒമ്പത് സീസണുകളില്‍ ഇത് നാലാം തവണയാണ് പിഎസ്ജി നോക്കൗട്ട് ഘട്ടത്തില്‍ പുറത്താകുന്നത്.