ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിര്‍ണായക പോരാട്ടത്തിനൊരുങ്ങി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബാഴ്സലോണ ടീമുകള്‍. ജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് വമ്പന്മാര്‍ രാത്രി കളത്തിലിറങ്ങുന്നത്. 

ഗ്രൂപ്പ് എഫില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വിയ്യാറയലാണ് എതിരാളി. ഇരുടീമുകള്‍ക്കും ഏഴ് പോയന്റുണ്ട്. ജയിക്കുന്ന ടീമിന് നോക്കൗട്ട് എറക്കുറെ ഉറപ്പാകും. താത്കാലിക പരിശീലകന്‍ മൈക്കല്‍ കാരിക്കിന്റെ കീഴിലാണ് യുണൈറ്റഡ് ഇറങ്ങുന്നത്. രാത്രി 11.15-നാണ് കളി. ആദ്യ പാദ മത്സരത്തില്‍ യുണൈറ്റഡ് വിയ്യാറയലിനെ 2-1 എന്ന സ്‌കോറിന് കീഴടക്കിയിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ അറ്റ്ലാന്റ - യങ് ബോയ്സുമായി രാത്രി 1.30-ന് കളിക്കും.

ഗ്രൂപ്പ് എച്ചില്‍ യുവന്റസിനെ നേരിടുന്ന ചെല്‍സിക്ക് ജയത്തോടെ പ്രീക്വാര്‍ട്ടറിലെത്താം. 12 പോയന്റുള്ള യുവന്റസ് നേരത്തേതന്നെ കടന്നു. ചെല്‍സിക്ക് ഒമ്പത് പോയന്റുണ്ട്. മറ്റൊരു കളിയില്‍ സെനീത് സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ് മാല്‍മോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് കളികൾ. 

ഗ്രൂപ്പ് ഇയില്‍ ബെന്‍ഫിക്കയെ നേരിടുന്ന ബാഴ്സലോണയ്ക്ക് നിര്‍ണായക പോരാട്ടമാണ്. ആറ് പോയന്റുള്ള ടീമിന് മുന്നേറണമെങ്കില്‍ ജയം അനിവാര്യം. രാത്രി 1.30-നാണ് കളി. പുതിയ പരിശീലകന്‍ സാവിയുടെ കീഴില്‍ ബാഴ്‌സ കളിക്കുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരമാണിത്.

Content Highlights: UEFA Champions League 2021-2022, Manchester United, Barcelona, Chelsea