ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് ടിക്കറ്റ് കാശ് തിരിച്ചുനല്‍കാനൊരുങ്ങി ടോട്ടനം ഹോട്‌സ്പര്‍. ന്യൂകാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ടീം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 

To advertise here,

ഏപ്രില്‍ 23 ന് നടന്ന മത്സരത്തില്‍ ന്യൂകാസില്‍ 6-1 എന്ന സ്‌കോറിനാണ് ടോട്ടനത്തെ തകര്‍ത്തത്. മത്സരം തുടങ്ങി 21 മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ ടോട്ടനം 5-0 ന് പിന്നിലായി. പിന്നാലെ ടീം നാണംകെട്ടു. ഇതോടെയാണ് ആരാധകര്‍ക്ക് ടിക്കറ്റ് കാശ് തിരിച്ചുനല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 

' നിങ്ങളുടെ ദേഷ്യവും രോഷവും ഞങ്ങള്‍ക്കറിയാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ മതിയാകില്ല പക്ഷേ ഈ തോല്‍വി ഏറെ വേദനിപ്പിക്കുന്നു. സ്വന്തം മൈതാനത്തും മറ്റ് സ്റ്റേഡിയങ്ങളിലും നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി. ഇത് മനസ്സില്‍വെച്ചുകൊണ്ട് ന്യൂകാസില്‍ യുണൈറ്റഡിന്റെ ഗ്രൗണ്ടായ സെയ്ന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സര ടിക്കറ്റിന്റെ കാശ് തിരിച്ചുനല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞായറാഴ്ച നടന്നത് ഒരിക്കലും തിരുത്താനാവില്ല. എന്നാല്‍ അടുത്ത മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ ഞങ്ങള്‍ സര്‍വവും മറന്ന് കളിക്കും. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കൊപ്പം വേണം. നമുക്കൊരുമിച്ച് മുന്നേറാം'- ടോട്ടനം ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കി. 

വ്യാഴാഴ്ച കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് ടോട്ടനത്തിന്റെ മത്സരം. ആദ്യപാദ മത്സരത്തില്‍ ടീം യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. ന്യൂകാസിലിനെതിരായ തോല്‍വിയ്ക്ക് പിന്നാലെ ടോട്ടനം താത്കാലിക പരിശീലകന്‍ ക്രിസ്റ്റ്യന്‍ സ്റ്റെല്ലനിയെ പുറത്താക്കിയിരുന്നു. റയാന്‍ മേസണാണ് പുതിയ പരിശീലകന്‍.