ചില ഗോളുകൾ സ്കോർബോർഡിൽ മാത്രമല്ല പതിയുക, ഒരു നാടിന്റെ ഓർമ്മകളിലും തലമുറകളുടെ ഹൃദയങ്ങളിലും ഇരമ്പി നിൽക്കും. അങ്ങനെ കണ്ണൂരുകാർ ഒരിക്കലും മറക്കാത്ത ഒരു ഗോളുണ്ട്. 1994 ൽ ജവഹർ സ്റ്റേഡിയത്തിന്റെ പച്ചപ്പിൽ ജനിച്ച സാമ്മോഹന നിമിഷം. സ്പിരിറ്റ്ഡ് യൂത്ത് ക്ലബ്ബിന്റെ അറുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ടൂർണമെന്റിൽ, പ്രതാപികളുടെ നിരയുമായി ഇറങ്ങിയ കേരള പോലീസിനെതിരെയായിരുന്നു ആ ഗോൾ. സ്പിരിറ്റഡ് യൂത്തിന്റെ വെളുത്തു മെലിഞ്ഞ ഒരു കളിക്കാരൻ മധ്യവര കടന്നതും പന്തിനെ കാലിൽ താലോലിച്ച് ഒരു മിന്നൽക്കൊടിപോലെ പന്തിനെ പോസ്റ്റിലേക്ക് പറത്തിവിട്ടു. പന്ത് വായുവിലൂടെ വരച്ച ആ വളവിന് മുന്നിൽ ഗോളി നിശ്ചലനായി. ചാക്കോയായിരുന്നോ, മെഹബൂബായിരുന്നോ എന്നത് ഇന്ന് അത്ര പ്രധാനമല്ല, കാരണം ആ നിമിഷം പന്തിനെക്കാൾ വേഗത്തിൽ പറന്നത് കാണികളുടെ ഹൃദയത്തിലേക്കായിരുന്നു.
ഒരു നിമിഷം സമയം അനങ്ങാതെ നിന്നു. അടുത്ത നിമിഷം ജവഹർ സ്റ്റേഡിയം ആർത്തിരമ്പി. ഗോൾ, ഗോൾ. എന്നാൽ ഗോൾ നേടിയ യുവാവിന് ഒരാഘോഷവുമില്ല. കൈകൾ ഉയർത്തിയില്ല.മുഷ്ടി ചുരുട്ടിയില്ല. ഗ്യാലറിയുടെ ആർപ്പുവിളികൾക്കിടയിൽ നാണംകുണുങ്ങിയായി അവൻ സ്വന്തം ഹാഫിലേക്ക് തലതാഴ്ത്തി നടന്നുപോയി. ആ യുവാവിന്റെ പേര് മുഹമ്മദ് ജംഷീദ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും കേരള ടീമിന്റെയും ജേഴ്സിയിൽ തിളങ്ങിയ ജംഷി ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാംപ് വരെ എത്തി. ദേശീയ ടീമിന്റെ ജേഴ്സി അണിയാനുള്ള സ്വപ്നം കൈയെത്തും ദൂരത്ത് നിൽക്കുമ്പോഴായിരുന്നു വിധി മറ്റൊരു തീരുമാനം എഴുതിയത്,
പരിക്ക്. ഫുട്ബോൾ മൈതാനങ്ങളെ മറക്കാതെ തന്നെ ജീവിതത്തിന്റെ പുതിയ കളത്തിലേക്ക് അദ്ദേഹം പാസ്‌പോർട്ട് എടുത്തു, ഖത്തറിലേക്ക്.
നഷ്ടപ്പെട്ട ഫുട്ബോൾ സ്വപ്നങ്ങളെ ജംഷി ഖത്തറിലെ മരുഭൂവിൽ അടക്കം ചെയ്തില്ല. അവയെ മകന്റെ ഹൃദയത്തിലേക്ക് ഉറവായായി പകർന്നു നൽകി. കാലം അതിന്റെ അത്ഭുതങ്ങൾ പന്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്നു.
ഇന്ന് ലോകഫുട്ബോളിന്റെ മഹാമേളയിൽ, ഖത്തർ ജേഴ്സിയണിഞ്ഞ് കളിക്കാനൊരുങ്ങുന്ന തഹ്സിൻ മുഹമ്മദ്, ആ ജംഷിദിന്റെ മകനാണ്. ലോകകപ്പിൽ കളിക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിനരികെ അവൻ അഭിമാനമായി മാറിയിരിക്കുന്നു. ഒരു പിതാവിന്റെ പൂർത്തിയാകാതെ പോയ സ്വപ്നം, ഒരു മകന്റെ കാലുകളിൽ ചിറകുവച്ച് മഹാമേളയിലേക്ക് പറക്കുമ്പോൾ അത് ഒരു കുടുംബത്തിന്റെ മാത്രം കഥയല്ല, ഒരു നാടിന്റെ ചരിത്രം കൂടിയാണ്.
ജവഹർ സ്റ്റേഡിയത്തിൽ നിന്ന് സാൻഫ്രാൻസിസ്കോയിലെ ബേ സ്റ്റേഡിയം വരെ നീളുന്ന ഈ യാത്രയിൽ, ഒരു ഗോളിന്റെ പ്രതിധ്വനി ഇന്നും കേൾക്കാം. ഒരിക്കൽ കണ്ണൂരിന്റെ ഗ്യാലറിയെ കുലുക്കിയ ആ കാലുകളുടെ പാരമ്പര്യം ഇന്ന് ലോകകപ്പിന്റെ മഹാവേദിയിൽ തുടരുകയാണ്. സ്വിറ്റ്സർലൻഡിനെതിരേ ഖത്തറിന്റെ ജേഴ്സിയിൽ ഇന്നിറങ്ങുമ്പോൾ, തഹ്സിനൊപ്പം പിതാവിന്റെ സ്വപ്നങ്ങളും നാടിന്റെ മോഹങ്ങളും കണ്ണൂരിന്റെ കൈത്തറി പോലെ ഇഴചേർന്നും ഖത്തറിന്റെ ഊദ് പോലെ സുഗന്ധം പരത്തിയും നമ്മെ പുളകിതമാക്കുന്നു.
Content Highlights: Retrospective of Mohammed Jamshid's iconic 1994 goal at Kannur's Jawahar Stadium., Jamshid's transition from a promising national team prospect to a life in Qatar., Tahsin Mohammed's historic achievement as the first Malayali to play in the World Cup., The emotional bridge between Jamshid's unfulfilled dream and his son's global debut., The 2026 World Cup context linking Kannur's local football heritage to the international stage.
Published: 13 Jun 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented