കണ്ണൂർ: കുമ്മായവരയ്ക്ക് പുറത്തിരുന്ന് ലോകകപ്പ് ആവേശം നുകരുന്നവരോട് ഇനി കണ്ണൂർ തലയുയർത്തി വിളിച്ചുപറയും - ഞങ്ങൾക്കുമുണ്ടൊരു ലോകകപ്പ് താരം- തഹ്‌സിൻ മുഹമ്മദ് ജംഷീദ്. ഫുട്ബോൾ എന്ന വികാരത്തിന്റെ കൊടുമുടി കീഴടക്കാനുള്ള ആവേശം മലയാളക്കരയിലെ ജീനിലും ഉൾച്ചേർന്നിട്ടുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ജംഷീദ്. െലഫ്‌റ്റ് വിങ്ങിൽ മൈതാനത്തിലിറങ്ങി എതിരാളികളുടെ നീക്കങ്ങൾ തകർക്കുകയും കുട്ടാളികളുടെ തന്ത്രങ്ങൾക്ക് തുണയാകുകയും ചെയ്യുന്ന തഹ്‌സിനിന്റെ നേട്ടം കളത്തിന് പുറത്തേക്ക് തൊടുത്തുവിടുന്ന ചോദ്യങ്ങൾ ഏറെയാണ്. എന്തുകൊണ്ട് ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ലെന്നതാണ് അതിൽ ഏറ്റവും പ്രധാനം. പതിനായിരം തഹ്സിൻമാരെ വാർത്തെടുക്കാനും സ്വപ്നക്കപ്പ് നമ്മുടെ മണ്ണിലെത്തിക്കാനുമുള്ള നമ്മുടെ സ്വപ്നങ്ങൾ കളത്തിന് പുറത്ത് ചിറകറ്റ് വീഴുകയാണ്. അല്ലെങ്കിൽ അത്തരം ചിറകുകൾ അരിഞ്ഞുവീഴ്ത്തപ്പെടുകയാണ്. പല താത്പര്യങ്ങളുടെ പേരിൽ നടക്കുന്ന അത്തരം നാണംകെട്ട കളികൾക്കുള്ള ചുട്ട മറുപടിയാണ് തഹ്‌സിൻ. അവൻ ഇന്ന് ഖത്തർ താരമല്ല, മാന്ത്രിക നീക്കങ്ങളാൽ വിസ്മയിപ്പിക്കുന്ന യഥാർഥ ഫുട്ബോളിനെ സ്നേഹിക്കുന്ന കോടാനുകോടി ഇന്ത്യക്കാരുടെയും മലയാളികളുടെയും മിന്നുംതാരമാണ്. അവനാണ് നമ്മുടെ ഫുട്ബോളിലെ രാജകുമാരൻ. കോടികൾ ചെലവഴിച്ച് ലയണൽ മെസിയെ മലയാളമണ്ണിലെത്തിക്കാൻ ശ്രമിച്ചവർ തിരിച്ചറിയണം, നമുക്കിടയിലുണ്ട് മെസിയും റൊണാൾഡോയും എംബാപെയും. വേണ്ടത് ഒന്നു മാത്രമാണ് -ആ രത്നങ്ങളെ ചെറുപ്പത്തിലേ കണ്ടെത്തി മിനുക്കിയെടുക്കാനുള്ള ഇച്ഛാശക്തി. അതില്ലെങ്കിൽ നമുക്കിനിയും കളികാണാം കാലം കഴിക്കാം -കളത്തിന് പുറത്തിരുന്ന്.

To advertise here,

ലോകകപ്പിന്റെ പച്ചവിരിച്ച മൈതാനത്തിലേക്ക് അഭിമാനത്തോടെ തലയുയർത്തിയുള്ള തഹ്സിന്റെ ചുവടുകൾക്ക് പിന്നിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും വിയർപ്പും കണ്ണീരും കലർന്ന കഥകൾ ഏറെ പറയാനുണ്ടാകും. പ്രത്യേകിച്ച് അവന്റെ പിതാവ് ജംഷീദിന്.

കാൽപ്പന്തുകളിയെ അത്രയേറെ സ്നേഹിച്ച അദ്ദേഹം കണ്ട സ്വപ്നമാണ് മകൻ കൈയെത്തിപ്പിടിച്ചിരിക്കുന്നത്. അത് സ്വന്തം മാതൃരാജ്യത്തിനുവേണ്ടിയായിരുന്നെങ്കിൽ ഇരട്ടിമധുരമാകുമായിരുന്നു.

വളപട്ടണം ആഹ്ലാദതിമർപ്പിൽ

ഫിഫ ലോകകപ്പിൽ ഇടം നേടി 19-കാരനായ വളപട്ടണം സ്വദേശി തഹ്സിൻ മുഹമദ്. പരിചയസമ്പന്നരായ അക്രം ഹഫീഫ്, ഹസ്സൻ അൽ ഹൈദ്രോസ്, അൽ മു ഈസ് അലി എന്നിവരുള്ള ടീമിലാണ് മലയാളിയായ ഈ വളപട്ടണത്തുകാരൻ ഇടംപിടിച്ചത്.

ആദ്യമായാണ് ഫിഫ ലോകകപ്പിനുള്ള ദേശീയടീമിൽ ഖത്തറിനുവേണ്ടി കളിക്കുന്നത്. 2021-ൽ ദേശീയ അണ്ടർ 16 ടീമിൽ ആദ്യം സ്ഥാനം നേടി. പിന്നീടുള്ള വർഷങ്ങളിൽ അണ്ടർ 17 ടീമിലും അൽ ദുഹൈലിനായും കളിച്ചു. 2024 മാർച്ചിലായിരുന്നു ഇത്. ആ വർഷം ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനെതിരായ മത്സരത്തിൽ ദേശീയടീമിലും ബൂട്ടണിഞ്ഞു. കഴിഞ്ഞവർഷം ചൈനയിൽ നടന്ന അണ്ടർ 20 ഏഷ്യൻകപ്പിൽ ഖത്തറിനായി മൂന്ന് മത്സരങ്ങളിൽ ശ്രദ്ധേയനായി.

കാൽപന്തിന്റെ നാടായ വളപട്ടണം ആഹ്ലാദത്തിമർപ്പിലാണ്. സെലക്ടഡ് വളപട്ടണം ക്ലബ് വളപട്ടണം ടൗണിൽ തഹ്‌സിന്റെ കൂറ്റൻ പടം വെച്ചിട്ടുണ്ട്. വിവരമറിഞ്ഞശേഷം ചൊവാഴ്ച രാത്രി മധുരപലഹാരം വിതരണം ചെയ്തു. ടൗൺ സ്പോർട്സ് ക്ലബ്, കുന്നുമ്മൽ ബ്രദേഴ്‌സ് എന്നിവ ആഹ്ലാദം പങ്കിടാനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പ് ടൂർണമെന്റ് ആരംഭിക്കാൻ 10 ദിവസം മാത്രം ബാക്കിയിരിക്കെ, കളി നേരിട്ട് പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് ഗ്രാമപ്പഞ്ചായത്തംഗം സി.വി.നൗഷാദ് പറഞ്ഞു.

എല്ലാ ഇന്ത്യക്കാർക്കും അഭിമാനം

എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന അവസരമാണ് തഹ്സിൻ മുഹമ്മദിലൂടെ ലഭിച്ചത്. ഫുട്ബോൾ ലോകകപ്പ് ടീമിൽ മലയാളി ഉൾപ്പെടുന്നത് കേരളത്തിന് പ്രത്യേകിച്ച് കണ്ണൂരുകാർക്ക് സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. തഫ്സിന്റെ പിതാവ് ജംഷിദും ഞാനും ജില്ലാ ലീഗ് ഫുട്ബോൾ മത്സരങ്ങളിൽ ഒന്നിച്ച് കളിച്ചിട്ടുണ്ട്. അദ്ദേഹവും മികച്ച താരമായിരുന്നു. മകൻ ടീമിലിടം നേടുന്നത് വലിയ കാര്യമാണ്. മികച്ച ടീമുകൾക്കൊപ്പമാണ് മൈതാനത്തിറങ്ങി കളിക്കേണ്ടത്. അതിനുള്ള അവസരം ലഭിക്കട്ടെ. ഭാവിയിൽ എല്ലാവിധ ഭാവുകങ്ങളും തഹ്സിന് നേരുന്നു.

-കെ.വി.ധനേഷ്, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ

അഭിമാനിക്കാം നമുക്ക്..

തഹ്‌സിന്റെ നേട്ടം മലയാളിയെന്ന നിലയിലും കണ്ണൂരുകാരനെന്ന നിലയിലും ഏറെ സന്തോഷം നൽകുന്നതാണ്. ഫുട്‌ബോൾ കളിക്കുന്ന ഏതൊരാളുടെയും സ്വപ്നമാണ് ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമാകുക എന്നത്. ലയണൽ മെസിക്കും ക്രിസ്റ്റാനോ റെണാൾഡോക്കും നെയ്മാറിനുമൊക്കെ വേണ്ടി ഓരോ മലയാളിയും മരിക്കാൻപോലും തയ്യാറായി നടക്കുന്ന കാലമാണ് ലോകകപ്പ് സമയം. ലോക ഫുട്‌ബോളിന്റെ ഏറ്റവും വലിയ ആ മാമാങ്കവേദിയിലേക്ക് ഇന്ത്യ യോഗ്യതനേടുന്ന ഒരു കാലത്തെ കുറിച്ചാണ് നമ്മളെല്ലാവരും സ്വപ്നം കാണുന്നത്. എന്നാൽ, അത് സംഭവിക്കുന്നില്ല. അപ്പോഴാണ് നമ്മുടെ നാട്ടിൽ വേരുകളുള്ള ഒരാൾ ഖത്തർടീമിനുവേണ്ടി കളിക്കാനിറങ്ങുന്നത്. തഹ്‌സിന്റെ കളി കാണാനായി ഏറെ ആവേശത്തോടെ കാത്തിരിക്കുന്നു. തഹ്‌സിന് എല്ലാവിധ ആശംസകളും.

-സി.കെ.വിനീത്, ഫുട്‌ബോൾ താരം