സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, കരീം ബെന്‍സിമ. എന്നിവരില്‍ ആരായിരിക്കും ആദ്യം ഇന്ത്യയില്‍ കളിക്കാനെത്തുക? എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് നറുക്കെടുപ്പ് നടക്കാനിരിക്കെ ആകാംക്ഷയിലാണ് ഫുട്ബോള്‍ പ്രേമികള്‍. ഭാഗ്യം ഒത്തുവന്നാല്‍ ഇവരിലൊരാള്‍ ഇന്ത്യന്‍ ക്ലബ്ബായ മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ പന്തുതട്ടാനെത്തും.
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയില്‍നിന്ന് മുംബൈ സിറ്റിയാണുള്ളത്. നെയ്മറുടെ അല്‍ ഹിലാല്‍, ബെന്‍സിമയുടെ അല്‍ ഇത്തിഹാദ് ക്ലബ്ബുകളുമുണ്ട്. ക്രിസ്റ്റ്യാനോയുടെ അല്‍ നസ്ര്‍ പ്ലേ ഓഫിലും കളിക്കുന്നു. നറുക്കെടുപ്പില്‍ മൂന്ന് ക്ലബ്ബുകളിലൊന്ന് മുംബൈ സിറ്റിക്കൊപ്പം ഒരേ ഗ്രൂപ്പിലായാല്‍ സൂപ്പര്‍ താരങ്ങളിലൊരാള്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കാനെത്തും. ഓഗസ്റ്റ് 24-നാണ് നറുക്കെടുപ്പ്. ഇത്തവണ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് മത്സരങ്ങള്‍.
ചാമ്പ്യന്‍സ് ലീഗില്‍ പത്ത് ഗ്രൂപ്പുകളിലായി 40 ടീമുകള്‍ കളിക്കുന്നു. പശ്ചിമമേഖലാ രാജ്യങ്ങളിലെ ക്ലബ്ബുകളുടെ അഞ്ച് ഗ്രൂപ്പുകള്‍. ബാക്കി അഞ്ച് ഗ്രൂപ്പുകള്‍ കിഴക്കന്‍ മേഖലാ രാജ്യങ്ങളിലെ ക്ലബ്ബുകളാണ്. ഒരേ രാജ്യത്തിലെ ക്ലബ്ബുകള്‍ ഒരേ ഗ്രൂപ്പില്‍ വരില്ല. അല്‍ നസ്ര്‍ ഗ്രൂപ്പ് ഘട്ടത്തിലെത്തിയാല്‍ സൗദിയില്‍നിന്ന് ആകെ നാലുടീമുകളാകും. ഇതെല്ലാം വിവിധ ഗ്രൂപ്പുകളിലാകും. അതുകൊണ്ടുതന്നെ മുംബൈ സിറ്റിക്കൊപ്പം ഏതെങ്കിലുമൊരു സൗദി ക്ലബ്ബ് വരാനുള്ള സാധ്യത ഏറെയാണ്.
നോ എന്‍ട്രി
മൂന്ന് സീസണുകളിലായി ഇന്ത്യന്‍ ക്ലബ്ബുകള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട് കളിക്കുന്നു. ഐ.എസ്.എല്‍. ഷീല്‍ഡ് വിന്നേഴ്സിനാണ് നേരിട്ട് പ്രവേശനം ലഭിക്കുന്നത്.
അടുത്ത സീസണ്‍മുതല്‍ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് നേരിട്ട് പ്രവേശനമുണ്ടാകില്ല. ലീഗിന്റെ ഘടനയില്‍ എ.എഫ്.സി. മാറ്റംവരുത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ടീമുകളുടെ എണ്ണം 40-ല്‍നിന്ന് 24-ആയി കുറച്ചു. അസോസിയേഷന്‍ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ 20 ടീമുകള്‍ നേരിട്ടും മൂന്ന് ടീമുകള്‍ പ്ലേ ഓഫ് വഴിയും യോഗ്യതനേടും. അസോസിയേഷന്‍ റാങ്കിങ്ങില്‍ ഇന്ത്യ പിന്നിലായതാണ് ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ടീമുകള്‍ക്ക് യോഗ്യതനേടാനുള്ള മാര്‍ഗം എ.എഫ്.സി. കപ്പില്‍ (ചാമ്പ്യന്‍സ് ലീഗ്-രണ്ട്) ചാമ്പ്യന്മാര്‍ക്കുള്ള ക്വാട്ട വഴി കയറുകയെന്നതാണ്.
എ.എഫ്.സി.യുടെ പുതിയ പരിഷ്‌കാരം വഴി ക്ലബ്ബ് ഫുട്ബോള്‍ മൂന്നുതലത്തിലാകും നടക്കുക. നിലവിലെ ചാമ്പ്യന്‍സ് ലീഗിന്റെ പേര് ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് എന്നാകും. എ.എഫ്.സി. കപ്പ് ചാമ്പ്യന്‍സ് ലീഗ് രണ്ട് എന്ന പേരിലും അറിയപ്പെടും. മൂന്നാം ഡിവിഷന്‍ എ.എഫ്.സി. ചലഞ്ച് ലീഗാണ്. ഇന്ത്യന്‍ ക്ലബ്ബുകളില്‍ ഒരു ക്ലബ്ബിന് ചാമ്പ്യന്‍സ് ലീഗ് രണ്ടിലേക്ക് നേരിട്ടും മറ്റൊരു ക്ലബ്ബിന് പ്ലേ ഓഫ് ഘട്ടത്തിലേക്കും യോഗ്യതലഭിക്കും.
Content Highlights: Super stars like Cristiano Ronaldo, Neymar and Karim Benzema. Who will be the first to play in India
Published: 17 Aug 2023, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented