
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ ഞായറാഴ്ചനടന്ന കാലിക്കറ്റ് എഫ്.സി.-ഫോഴ്സ കോച്ചി ഫൈനലിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലേക്ക് കാണികള്‍ ഇരമ്പിയെത്തിയപ്പോള്‍ പിറന്നത് സീസണിലെ റെക്കോഡ്. ഔദ്യോഗിക കണക്കില്‍ നടപ്പുസീസണില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്റ്റേഡിയത്തില്‍ വന്നുകണ്ട മത്സരമാണിത്. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു ഐ.എസ്.എല്‍. മത്സരത്തിനെത്തിയ കാണികളുടെ എണ്ണത്തെയാണ് മറികടന്നത്.
സൂപ്പര്‍ ലീഗ് കേരള ഫൈനലില്‍ കാലിക്കറ്റ്-കൊച്ചി മത്സരം കാണാന്‍ കോര്പ്പറേഷന് സ്റ്റേഡിയത്തിലെത്തിയത് 35,672 പേരെന്നാണ് ഔദ്യോഗിക കണക്ക്. ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്.സി. മത്സരം കാണാന്‍ കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലെത്തിയത് 34,940 പേരാണ്. ഇതുപ്രകാരം ഐ.എസ്.എല്ലിനെ മറികടക്കുന്ന പ്രകടനമാണ് സൂപ്പര്‍ ലീഗ് കേരള പ്രഥമ സീസണില്‍ത്തന്നെ നടത്തിയത്.
സൂപ്പര്‍ ലീഗില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രതീക്ഷിച്ചതിനെക്കാള്‍ കാണികള്‍ മത്സരം കാണാനെത്തി. കാലിക്കറ്റ്-തിരുവനന്തപുരം കൊമ്പന്‍സ് സെമിഫൈനലിന് 15,867 കാണികളുണ്ടായിരുന്നു. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലെ അവസാന ലീഗ് മത്സരത്തില്‍ മലപ്പുറവും കൊമ്പന്‍സും കളിച്ചപ്പോള്‍ 10,420 പേര് സ്റ്റേഡിയത്തിലെത്തി.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അവസാന രണ്ട് കളിക്കും ശരാശരി 9000-ത്തോളം കാണികളുണ്ടായിരുന്നു. തിരുവനന്തപുരത്തെ കാണികളുടെ പങ്കാളിത്തം സംഘാടകരെ അമ്പരപ്പിക്കുന്നതായി. കൊച്ചിയില്‍ മാത്രമാണ് പ്രതീക്ഷിച്ചത്ര കാണികളില്ലാതെ പോയത്. പ്രഥമസീസണില്‍ കാണികളുടെ മികച്ച പങ്കാളിത്തം സംഘാടകര്‍ക്ക് ഊര്‍ജം പകരും.
Content Highlights: Calicut FC vs Forza Kochi final in Kozhikode draws a record crowd, surpassing ISL attendance.
Published: 13 Nov 2024, 02:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented