ന്യൂയോര്‍ക്ക്: മേജര്‍ സോക്കര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി. എം.എല്‍ എസില്‍ ഇന്റര്‍ മയാമിക്കുവേണ്ടിയാണ് മെസ്സി റെക്കോഡ് പ്രകടനം പുറത്തെടുത്തത്. അഞ്ച് അസിസ്റ്റുമായി മെസ്സി കളംനിറഞ്ഞ മത്സരത്തില്‍ ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെ മയാമി തകര്‍ത്തെറിഞ്ഞു. രണ്ടിനെതിരേ ആറ് ഗോളുകള്‍ക്കാണ് ഇന്റര്‍ മയായമിയുടെ ജയം. സഹതാരം ലുയിസ് സുവാരസ് ഹാട്രിക് നേടുകയും ചെയ്തു.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്നശേഷമാണ് മയാമി ഉഗ്രന്‍ തിരിച്ചുവരവ് നടത്തുന്നത്. 30-ാം മിനിറ്റില്‍ ഡന്റെ വന്‍സിറാണ് റെഡ് ബുള്‍സിനായി വലകുലുക്കിയത്. എന്നാല്‍, 48-ാം മിനിറ്റില്‍ മാത്യാസ് റോഹാസിലൂടെ മയാമി തിരിച്ചടിച്ചു. മെസ്സിയുടെ പാസ് സ്വീകരിച്ച താരം മികച്ച ലോങ്‌റേഞ്ചറിലൂടെ വലകുലുക്കി. 50-ാം മിനിറ്റില്‍ റെഡ് ബുള്‍സിന്റെ ഡിഫന്‍സീവ് പിഴവ് മുതലെടുത്ത് സുവാരസ് നീട്ടിയ പന്ത് മെസ്സി അനായാസം ലക്ഷ്യംകണ്ടു.
62-ാം മിനിറ്റില്‍ മയാമിയുടെ മൂന്നാം ഗോളെത്തി. പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ മെസ്സി ബോക്‌സിലേക്ക് നല്‍കിയ പന്ത് സ്വീകരിച്ച റോഹാസ് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി. പിന്നെ സുവാരസിന്റ ഊഴമായിരുന്നു. ബാഴ്‌സയിലേതെന്നപോലെ മെസ്സിയും സുവാരസും മൈതാനത്ത് ഒരുമിച്ച് നടത്തിയ നീക്കങ്ങളെ തടയിടാന്‍ റെഡ് ബുള്‍സ് പ്രതിരോധത്തിനായില്ല. 68,75,81 മിനിറ്റുകളില്‍ സുവാരസ് ലക്ഷ്യംകണ്ടു. മൂന്ന് ഗോളുകള്‍ക്കും അസിസ്റ്റ് നല്‍കിയത് മെസ്സിയാണ്.
മത്സരത്തില്‍ അഞ്ച് അസിസ്റ്റുകളും ഒരു ഗോളും നേടിയ മെസ്സി മേജര്‍ സോക്കര്‍ ലീഗില്‍ റെക്കോഡും കുറിച്ചു. രണ്ട് റെക്കോഡുകളാണ് മെസ്സി സ്വന്തം പേരിലാക്കിയത്. ഒരു എം.എല്‍.എസ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടുന്ന താരം, ഒരു എം.എല്‍.എസ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ എന്നീ റെക്കോഡുകളാണ് മെസ്സി സ്വന്തമാക്കിയത്.
Content Highlights: six goal contributions Lionel Messi sets two more MLS records
Published: 05 May 2024, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented