ഡാലസ്: ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ സഹായിക്കാൻ ഫിഫ സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണങ്ങൾ തള്ളി അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി. തങ്ങൾ പരാജയപ്പെട്ടുകാണാനാഗ്രഹിക്കുന്ന ഒട്ടേറെ ആളുകളുണ്ടെന്നും ഇത്തരം ആരോപണങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും സ്കലോണി പറഞ്ഞു. സ്വിറ്റ്‌സർലൻഡുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അർജന്റൈൻ കോച്ച്.
‘ടീം പരാജയപ്പെട്ടുകാണാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു പ്രചാരണം. 1986-ലെ ലോകകപ്പ് കഴിഞ്ഞ് 40 വർഷമായിരിക്കുന്നു. അന്നും ഞങ്ങൾക്ക് ആനുകൂല്യം ലഭിച്ചുവെന്ന് അവർ പറഞ്ഞു. ഇത് ആദ്യമായല്ല ഇത്തരം ആരോപണങ്ങളുണ്ടാകുന്നത്’, സ്കലോണി പറഞ്ഞു.
‘എനിക്കോർമയുള്ളിടത്തോളംകാലമായി ടൂർണമെന്റിൽ ചലനം സൃഷ്ടിക്കുന്ന ടീമാണ് അർജന്റീന. ഞങ്ങൾ ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന ആൾക്കാരുണ്ടെന്ന് കളിക്കാരെ ബോധ്യപ്പെടുത്താനാണ് ഇങ്ങനെയുള്ള ആരോപണങ്ങൾ ഉപയോഗിക്കുന്നത്. ഇതെല്ലാം സ്വാഭാവികമാണ്. മറ്റൊരു രാജ്യം ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന ആളുകൾ ഉള്ളതുപോലെതന്നെ. പക്ഷേ, കഴിഞ്ഞതവണ ജയിച്ചതുകൊണ്ട് ഞങ്ങൾ ജയിക്കരുതെന്നാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നു മാത്രം', സ്കലോണി കൂട്ടിച്ചേർത്തു.
ഈജിപ്തുമായുള്ള പ്രീക്വാർട്ടർ മത്സരത്തിലെ അർജന്റീനയുടെ നാടകീയമായ തിരിച്ചുവരവിനുശേഷമാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. 79-ാം മിനിറ്റുവരെ രണ്ടുഗോളിന് പിറകിൽനിന്ന അർജന്റീന മൂന്നുഗോൾ മടക്കി കളി തിരിച്ചുപിടിക്കുകയായിരുന്നു. എന്നാൽ, മത്സരത്തിലുടനീളം റഫറിയെടുത്ത തീരുമാനം വിമർശിക്കപ്പെട്ടു. മത്സരത്തിൽ ഈജിപ്തിനായി അനുവദിക്കാതിരുന്ന ഗോളും അർജന്റീനക്ക് അനുവദിച്ച ഗോളും മത്സരശേഷം ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. റഫറിയോട് കയർക്കുന്ന ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സനെയും മൈതാനത്ത് കണ്ടു.
ഞങ്ങൾ അനീതി നേരിട്ടെന്നും വഞ്ചിക്കപ്പെട്ടെന്നുമാണ് ഹസ്സൻ മത്സരശേഷം പ്രതികരിച്ചത്. ‘ഞങ്ങൾ നിലവിലെ ചാമ്പ്യന്മാരേക്കാൾ നന്നായി കളിച്ചു. എല്ലാമേഖലയിലും അവരേക്കാൾ മുന്നിലായിരുന്നു. പക്ഷേ, ആന്തരികവും ബാഹ്യവുമായ ഇടപെടലുകൾ മത്സരഫലത്തെ സ്വാധീനിച്ചു’, ഹസ്സൻ പറഞ്ഞു. റഫറിക്കെതിരേ ഈജിപ്ത് ടീം ഫിഫയ്ക്ക് പരാതി നൽകി. മത്സരത്തിൽ റഫറിയുടെ പല തീരുമാനങ്ങളും ഈജിപ്തിനെതിരായിരുന്നുവെന്നാണ് പരാതി.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും സ്‌പോൺസർമാരും വാണിജ്യപരമായ നേട്ടങ്ങൾക്കായി മെസ്സിയുടെ സൂപ്പർതാരപദവിയെ ഉപയോഗിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ആരോപണങ്ങൾ. ഈ ആരോപണങ്ങളെല്ലാം സ്കലോണി തള്ളി. മാത്രമല്ല, വാർ സംവിധാനങ്ങൾക്ക് അത്തരത്തിൽ സഹായിക്കാനാവില്ലെന്നും മറ്റുവ്യാഖ്യാനങ്ങൾക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപുതന്നെ ഇവ വ്യക്തമാക്കിയതാണെന്നും അതേരീതിയിൽ തന്നെ പാലിക്കപ്പെടുന്നുണ്ടെന്നും സ്കലോണി പറഞ്ഞു.
Content Highlights: Lionel Scaloni rejects claims that FIFA is helping Argentina win the 2026 World Cup., Controversy stems from Egypt's dramatic pre-quarter-final loss against Argentina., Egypt coach Hossam Hassan filed a complaint against refereeing decisions., Scaloni emphasizes that VAR and FIFA regulations are applied fairly to all teams., Scaloni views the criticism as a natural reaction to Argentina's success as reigning champions.
Published: 11 Jul 2026, 04:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented