ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്കയായ കൊല്‍ക്കത്തയിലെ ക്ലബ്ബിനുവേണ്ടി പന്തുതട്ടിയ ആദ്യ മലയാളിയായിരുന്നു പുത്തന്‍പറമ്പില്‍ ബാബാഖാന്‍ അബ്ദുല്‍ റസാഖ് സാലി എന്ന കോട്ടയം സാലി. 1945-ല്‍ ഈസ്റ്റ് ബംഗാളില്‍ ചേരുമ്പോള്‍ അദ്ദേഹത്തിന് 20 വയസ്സുപോലും തികഞ്ഞിരുന്നില്ല. വൈകാതെ ടീമിന്റെ സ്റ്റാര്‍ വിങ്ങറായി. ഒന്‍പതു സീസണിലായി ക്ലബ്ബിനൊപ്പം ഒട്ടേറെ വിജയങ്ങള്‍. 1945 മുതല്‍ 1953 വരെ ടീമിന്റെ നട്ടെല്ലായി. ഈസ്റ്റ് ബംഗാളിന്റെ ആദ്യ മലയാളി നായകനുമാണ്.

To advertise here,

1944-ല്‍ തിരുവിതാംകൂറില്‍ നടന്ന ഒരു ടൂര്‍ണമെന്റിനിടെയാണ് സാലിയുടെ കളിമികവില്‍ ഈസ്റ്റ് ബംഗാള്‍ അധികൃതര്‍ ആകൃഷ്ടരാവുന്നത്. എച്ച്.എം.സി. (ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍) കോട്ടയം ക്ലബ്ബിനുവേണ്ടി കളത്തിലിറങ്ങിയ സാലിയെ സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാള്‍ മോഹിച്ചു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന സാലിയുടെ കുടുംബം മകനെ കൊല്‍ക്കത്തയിലേക്ക് വിടാന്‍ തയ്യാറായില്ല.

തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ വിരുന്നിനിടെ ഈസ്റ്റ് ബംഗാള്‍ അധികൃതര്‍ സാലിയെ ക്ലബ്ബില്‍ച്ചേര്‍ക്കാന്‍ രാജാവിന്റെ സഹായംതേടി. കൊട്ടാരത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി സാലിയുടെ കുടുംബം ഒടുവില്‍ സമ്മതം മൂളി. ഒരു നിബന്ധനയോടെ. സാലിയുടെ ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ കൊല്‍ക്കത്തയില്‍ സൗകര്യമൊരുക്കണം. അക്കാര്യം ഉറപ്പുനല്‍കിയ ക്ലബ്ബ് ഒരു മലയാളി ഫുട്ബോളറുടെ കരിയറിലെ പുതിയ അധ്യായത്തിന് തുടക്കമിട്ടു.

തുടക്കത്തില്‍ സാലിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ക്ലബ്ബിന്റെ മുതിര്‍ന്ന ചില ഒഫീഷ്യലുകള്‍ സംശയാലുക്കളായിരുന്നു. ലുങ്കിയും ഷര്‍ട്ടുമിട്ട ഈ മലയാളി പയ്യന്‍ അക്രമകാരിയായ ഒരു വിങ്ങറാവുമോ എന്നവര്‍ ആശങ്കപ്പെട്ടു. അതാവണം, കൊല്‍ക്കത്ത ലീഗിനുവേണ്ടി സാലിയുമായി കരാര്‍ ഒപ്പിടുംമുന്‍പ്, ജൂനിയര്‍ താരങ്ങള്‍ക്കായുള്ള പവര്‍ ലീഗില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കകം സാലിയുടെ മികവ് അവര്‍ തിരിച്ചറിഞ്ഞു. പിന്നീടുള്ളതു ചരിത്രം.

തെക്കേ ഇന്ത്യയില്‍നിന്നു കൊല്‍ക്കത്തയിലേക്ക് വണ്ടികയറിയ അഞ്ചു പേരുടെ ഐതിഹാസികമായ കൂട്ടുകെട്ടാണ് ഈസ്റ്റ് ബംഗാളില്‍ രൂപപ്പെട്ടത്. ഇടതു വലതു വിങ്ങുകളില്‍ സാലിയും വെങ്കിടേഷും ഇന്‍സൈഡ് സ്‌ട്രൈക്കര്‍മാരായി അപ്പറാവുവും അഹമദ് ഖാനും സെന്റര്‍ ഫോര്‍വേഡായി കെ.പി. ധന്‍രാജും. ഈസ്റ്റ് ബംഗാളിന്റെ പേരുകേട്ട 'പഞ്ചപാണ്ഡവര്‍' ഇവരായിരുന്നു. എതിരാളികളെ നിലംപരിശാക്കി ഈ മുന്നേറ്റനിര പേരെടുത്തു. പല സീസണുകളിലായാണ് ക്ലബ്ബില്‍ എത്തിയ ഇവര്‍ 1949-ല്‍ ഒരുമിച്ചതോടെ ഈസ്റ്റ് ബംഗാളിന്റെ സുവര്‍ണകാലം തുടങ്ങി. 1949, 50, 52 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ലീഗ്, 1949, 50, 51 വര്‍ഷങ്ങളില്‍ ഐ.എഫ്.എ. ഷീല്‍ഡ്, 1949-ല്‍ റോവേഴ്സ് കപ്പ്, 1951-ലും 52-ലും ഡ്യുറന്റ് കപ്പ്, 1951, 52 വര്‍ഷങ്ങളില്‍ ഡി.സി.എം. ട്രോഫി... ഇങ്ങനെ പോകുന്നു ഈ സ്വപ്ന കൂട്ടുകെട്ട് കൊയ്ത നേട്ടങ്ങളുടെ പട്ടിക.

കുടുംബത്തിന് നല്‍കിയ ഉടമ്പടിപ്രകാരം, സാലിക്ക് കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ബിരുദപഠനത്തിന് ക്ലബ്ബ് അധികൃതര്‍ അഡ്മിഷന്‍ തരപ്പെടുത്തി. എന്നാല്‍, വിരളമായേ അദ്ദേഹത്തിന് കോളേജില്‍ പോകാന്‍ സാധിച്ചുള്ളൂ. ഫൈനല്‍ ഇയര്‍ പരീക്ഷയുടെ തലേന്നാണ് യഥാസമയം അപേക്ഷിക്കാതിരുന്നതിനാല്‍ അവസരം നഷ്ടപ്പെട്ടൂവെന്ന് സാലി മനസ്സിലാക്കുന്നത്. ക്ലബ്ബിന്റെ കടുത്ത ആരാധകനായിരുന്നു അന്നത്തെ യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍. സാലിക്കുവേണ്ടി യൂണിവേഴ്സിറ്റി നിയമം തന്നെ അദ്ദേഹം തിരുത്തിയെഴുതി എന്നാണ് കഥ. ഏതായാലും സാലി പരീക്ഷയെഴുതുകയും ബിരുദംനേടുകയും ചെയ്തു.

ഈസ്റ്റ് ബംഗാളിനായി ഒന്‍പതുവര്‍ഷം കളിച്ച സാലി ഒരേയൊരു തവണ മാത്രമാണ് സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞത്. 1950-51 ലെ കൊല്‍ക്കത്ത നാഷണലില്‍. ശൈലന്‍ മന്നയുടെ നായകത്വത്തില്‍ ഇറങ്ങിയ ബംഗാള്‍ ടീമിന്റെ മുന്നേറ്റം നയിക്കാന്‍ മേവാലാലും സാലിയും. മധ്യപ്രദേശ് പ്രദേശിനെ 5-0 ന് തോല്പിച്ചുതുടങ്ങിയ ബംഗാള്‍ സെമിയില്‍ ഒഡിഷയ്ക്കും നല്‍കി അഞ്ചു ഗോള്‍. അതില്‍ സാലിയുടെ ഗോളും ഉള്‍പ്പെട്ടിരുന്നു. 1950 ഓഗസ്റ്റ് 28-ന് ഫൈനല്‍. എതിരാളികള്‍ കരുത്തരായ ഹൈദരാബാദ്. കളിയുടെ ആറാം മിനിറ്റില്‍ സാലി നല്‍കിയ പാസില്‍ മേവാലാല്‍ സ്‌കോര്‍ ചെയ്തു. ബംഗാളിന് അഞ്ചാം സന്തോഷ് ട്രോഫി. പക്ഷേ അന്നായിരുന്നു ആദ്യമായി ഒരു മലയാളി സന്തോഷ് ട്രോഫി വിജയിക്കുന്നത്.

ദേശീയ ടീമിനൊപ്പവും സാലി നേട്ടങ്ങള്‍ സ്വന്തമാക്കി. 1951 ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ സ്വര്‍ണംനേടുമ്പോള്‍ സാലി മുന്നേറ്റനിരയിലുണ്ട്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ കളിച്ച് ഒളിമ്പ്യനുമായി.

കോട്ടയം പുളിമൂട് ജങ്ഷനു സമീപത്തുള്ള പുത്തന്‍പറമ്പില്‍ വീട്ടിലാണ് സാലിയുടെ ജനനം. സി.എം.എസ്. കോളജ് ടീമിലൂടെയും കോട്ടയത്തെ ആദ്യകാല ടീമുകളിലൊന്നായ എച്ച്.എം.സി.യിലൂടെയും ഫുട്‌ബോളില്‍ സജീവമായി. കസ്റ്റംസില്‍ സീനിയര്‍ സൂപ്രണ്ടായിരിക്കെ കോട്ടയത്തുനിന്ന് കൊല്‍ക്കത്തയിലേക്കു മടങ്ങുമ്പോള്‍ 1979 ജൂണ്‍ 24-ന് തമിഴ്‌നാട്ടില്‍വെച്ചായിരുന്നു അന്ത്യം. ഭാര്യ: നൈബ. മക്കള്‍: നസ്ലി, നിയാസ്.

•സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ആദ്യ മലയാളിയാണ് കോട്ടയം സാലി. അതുമാത്രമല്ല, ഈസ്റ്റ് ബംഗാള്‍ ടീമിന്റെ നായകനായ ആദ്യ മലയാളിയും സാലിയാണ്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവും ഒളിമ്പ്യനുമാണദ്ദേഹം.