ബൊഗോട്ട (കൊളംബിയ): ഹോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന കൊളംബിയൻ ഗോൾകീപ്പറെ ഫുട്‌ബോൾ പ്രേമികൾ അങ്ങനെ മറക്കാനിടയില്ല. ഇന്ന് മാനുവൽ നൂയറിനെ പോലുള്ള സ്വീപ്പർ ഗോൾകീപ്പർമാരുടെ തലതൊട്ടപ്പനായിരുന്നു കക്ഷി എന്നു പറഞ്ഞാൽ അതിനെ എതിർക്കുന്നവർ ചുരുക്കമാകും. ചുരുണ്ട് നീണ്ട തലമുടിയുമായി ഗോൾമുഖം വിട്ടിറങ്ങി മൈതാന മധ്യത്തുവെച്ച് എതിരാളിയുടെ ഗോൾനീക്കം ഇല്ലാതാക്കിക്കളയുകയും എതിർപോസ്റ്റുവരെ മുന്നേറുകയും പറ്റിയാൽ ഗോളടിക്കാൻ ശ്രമിക്കുകയും ചെയ്യാറുള്ള ഹിഗ്വിറ്റയെ എത്ര തവണ ഫുട്‌ബോൾ പ്രേമികൾ കണ്ടിട്ടുണ്ട്.
ഗോൾവല കാക്കുന്നതിൽ എന്നും വ്യത്യസ്തനായിരുന്ന ഹിഗ്വിറ്റയുടെ 1995-ലെ 'സ്‌കോർപിയൻ കിക്ക്' ഏറെ പ്രസിദ്ധമായ ഒന്നായിരുന്നു. 1995 സെപ്റ്റംബർ ആറിന് വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ ഒരു സൗഹൃദ മത്സരത്തിനിടെയാണ് ഹിഗ്വിറ്റയുടെ സ്‌കോർപ്പിയൻ സേവ് ലോകം കണ്ടത്. ഇംഗ്ലണ്ടിന്റെ ജാമി റെഡ്നാപ്പിന്റെ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടെ ഗോൾവല കണക്കെ വന്ന ഒരു പന്തിനെ വായുവിൽ ഉയർന്നുപൊങ്ങി കാലുകൾ പിറകിലേക്ക് വളച്ച് തട്ടിത്തെറിപ്പിക്കുകയായിരുന്നു ഭ്രാന്തൻ ഹിഗ്വിറ്റ. ഫുട്‌ബോൾ ലോകം അക്ഷരാർഥത്തിൽ അതുകണ്ട് ഞെട്ടി.
ഹിഗ്വിറ്റയുടെ പ്രസിദ്ധമായ സ്‌കോർപിയൻ കിക്കിന് ഈ വർഷം 30 വയസ് പൂർത്തിയായിരുന്നു. ഹിഗ്വിറ്റയാകട്ടെ 60-ാം വയസിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോഴിതാ 30 വർഷങ്ങൾക്കിപ്പുറം തന്റെ പ്രസിദ്ധമായ സ്‌കോർപിയൻ കിക്ക് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അദ്ദേഹം. ദിവസങ്ങൾക്കു മുമ്പ് ഒരു ചാരിറ്റി മത്സരത്തിനിടെ കൊളംബിയൻ ലെജൻഡ്‌സിനായാണ് ഹിഗ്വിറ്റ വീണ്ടും ഗോൾവല കാത്തത്. ഇത്തവണയും ഗോൾപോസ്റ്റിലേക്ക് വന്ന പന്തിനെ വായുവിൽ ഉയർന്നുപൊങ്ങി കാലുകൾ പിറകിലേക്ക് വളച്ച് തട്ടിത്തെറിപ്പിക്കുകയായിരുന്നു ഹിഗ്വിറ്റ. എങ്കിലും 30 വർഷം മുമ്പത്തെ പൂർണത അതിനുണ്ടായിരുന്നില്ല. 60-കാരന്റെ ഈ പ്രകടനം അമ്പരപ്പോടെയാണ് ഫുട്‌ബോൾ ലോകം കണ്ടത്. ഇതിന്റെ വീഡിയോ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
കൊളംബിയക്കായി 68 അന്താരാഷ്ട്ര മത്സരങ്ങളിൽ ഗോൾവല കാത്ത ഹിഗ്വിറ്റ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ക്ലബ്ബ് തലത്തിലെ കണക്കെടുക്കുമ്പോൾ ഗോളുകളുടെ എണ്ണം 30 പിന്നിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗോളടിക്കുന്ന ഗോളിയെന്നായിരുന്നു ഹിഗ്വിറ്റയെ ഫുട്‌ബോൾ ലോകം വിളിച്ചിരുന്നത്. 2002-ൽ ഒരു സ്വകാര്യ ചാനൽ തിരഞ്ഞെടുത്ത ലോകത്തെ 100 മികച്ച കായിക മുഹൂർത്തങ്ങളിൽ ഒന്ന് ഹിഗ്വിറ്റയുടെ സ്‌കോർപിയൻ കിക്കായിരുന്നു.
Content Highlights: Colombian legend René Higuita, aged 60, revives his iconic `Scorpion Kick` 30 years later. Relive the magic and the unforgettable moment. Click to watch!
Published: 25 Dec 2025, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented