മാഡ്രിഡ്: സാന്തിയാഗോ ബെര്‍ണബ്യൂവില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ചിരവൈരികളായ ബാഴ്‌സലോണയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ മാഡ്രിഡ്. കിലിയന്‍ എംബാപ്പെയുടെയും ജൂഡ് ബെല്ലിങാമിന്റെയും ഗോളുകളാണ് റയലിന് തുണയായത്. ബാഴ്‌സലോണക്കായി ഫെര്‍മിന്‍ ലോപസ് ആശ്വാസഗോള്‍ കണ്ടെത്തി. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

To advertise here,

സീസണിലെ ആദ്യ എല്‍ക്ലാസിക്കോയാണിത്. ജയത്തോടെ റയല്‍ ലാലിഗയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. 22-ാം മിനിറ്റില്‍ എംബാപ്പെയാണ് റയലിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 38-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ പാസില്‍നിന്ന് ഫെര്‍മിന്‍ ലോപ്പസ് ബാഴ്സയ്ക്കായി ഗോള്‍ കണ്ടെത്തിയതോടെ സമനിലയിലായി. പിന്നീട് 43-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങാം റയലിനെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാംപകുതിയില്‍ റയലിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചെങ്കിലും എംബാപ്പെ എടുത്ത കിക്ക് ബാഴ്‌സ ഗോള്‍ക്കീപ്പര്‍ ഷെസ്‌നി തടഞ്ഞു. ജയത്തോടെ റയലിന് 10 മത്സരങ്ങളില്‍നിന്ന് 27 പോയിന്റായി. 22 പോയിന്റോടെ ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത് തുടരുന്നു.