സാവോ പോളോ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി കപ്പുയര്‍ത്തണമെന്നാണ് പെലെ ആഗ്രഹിച്ചതെന്ന് മകള്‍ കെലി നാസിമെന്റോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കെലി ഇക്കാര്യം പങ്കുവെച്ചത്. മെസ്സിയുടെ ഭാര്യ അന്റണൊല്ല റൊക്കുസോയെ ഇതറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

To advertise here,

ലോകകപ്പില്‍ ക്രൊയേഷ്യയോട് ബ്രസീല്‍ പരാജയപ്പെടുന്ന സമയത്ത് അച്ഛന്റെ നില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. അച്ഛനു വേണ്ടി ബ്രസീല്‍ കപ്പുയര്‍ത്തണമെന്നതായിരുന്നു എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ലോകകപ്പില്‍ ഏത് ടീം വേണമെങ്കിലും വിജയിക്കാമെന്ന് അച്ഛന്‍ പറയുമായിരുന്നു.- കെലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബ്രസീലിന്റെ പരാജയത്തിന് ശേഷം ഒട്ടുമിക്കവരും അച്ഛനെ ആശുപത്രിയില്‍ വന്ന് സന്ദര്‍ശിക്കുമായിരുന്നു. അവര്‍ ആര് ജയിക്കണമെന്ന് അച്ഛനോട് ചോദിക്കുമ്പോള്‍ അര്‍ജന്റീനയെന്നായിരുന്നു മറുപടി. 

ഈ കപ്പ് തെക്കേ അമേരിക്കയിലേക്കാണെന്നും ഇത് മെസ്സി അര്‍ഹിക്കുന്നുണ്ടെന്നും പെലെ പറഞ്ഞതായി കെലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

'എന്നാല്‍ ടിവിയിലൂടെ അദ്ദേഹത്തിന് ഫൈനല്‍ മത്സരം കാണാന്‍ സാധിച്ചിരുന്നില്ല. പക്ഷേ അര്‍ജന്റീന വിജയിച്ചെന്നും മെസ്സി കപ്പുയര്‍ത്തിയെന്നും മനസ്സിലായി. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു'-കെലി പറഞ്ഞു

മെസ്സിയുടെ ഭാര്യ അന്റണൊല്ല റൊക്കുസോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കെലിയുടെ വെളിപ്പെടുത്തല്‍. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പെലെ 2022 ഡിസംബര്‍ 29-ന് സാവോ പോളയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്.