മസാച്യുസെറ്റ്‌സ്: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിന്റെ ആദ്യഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തെ വിമർശിച്ച് മൊറോക്കൻ മുഖ്യ പരിശീലകൻ മുഹമ്മദ് ഒഹാബി. മത്സരത്തിൽ ഫ്രാൻസ് താരം കിലിയൻ എംബാപ്പെ നേടിയ ഗോളിന് മുന്നോടിയായി ഒരു ഹാൻഡ് ബോൾ ഉണ്ടായിരുന്നെന്നും അത് കളിയിൽനിന്ന് മൊറോക്കൻ താരങ്ങളുടെ ശ്രദ്ധ തിരിച്ചെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഫകുണ്ടോ ടെല്ലോ ആയിരുന്നു മത്സരത്തിലെ റഫറി. മധ്യനിര താരം അഡ്രിയാൻ റാബിയോട്ട് പന്ത് കൈകൊണ്ട് തൊട്ടതിനുശേഷമാണ് അത് എംബാപ്പെയുടെ പക്കലെത്തിയതെന്നാണ് റഫറി കോച്ച് ഉയർത്തുന്ന ആരോപണം. പന്ത് പിന്നീട് അവിടെനിന്നാണ് മൊറോക്കൻ വലയിലെത്തിയത്. മത്സരത്തിൽ അതൊരു ഹാൻഡ്ബോൾ തന്നെയായിരുന്നുവെന്നും എന്നാൽ റഫറി എന്തുകൊണ്ട് അത് വിളിച്ചില്ലെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ഫ്രാൻസ് മികച്ച ടീമായിരുന്നുവെന്ന് സമ്മതിച്ച അദ്ദേഹം അവരുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. വളരെ മികച്ച ടീമിനെതിരെയാണ് കളിച്ചത്. ആദ്യപകുതിയിൽ ഒരുപാട് കഷ്ടപ്പെട്ടു. യാസീൻ ബൗനോ പെനാൽറ്റിയിൽ മികച്ച സേവ് നടത്തി. രണ്ടാംപകുതിയിൽ നന്നായി പ്രതിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു. തോൽവിയിൽ നിരാശയുണ്ടെന്നും ഫുട്‌ബോൾ ഇനിയും മുന്നേറുന്നതിനായി തങ്ങൾ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസിനോട് എതിരില്ലാത്ത രണ്ടുഗോളുകൾക്ക് പരാജയപ്പെട്ടതോടെ മൊറോക്കോയുടെ ലോകകപ്പ് സ്വപ്‌നം ക്വാർട്ടറിൽ അവസാനിച്ചു. കളിയുടെ 60-ാം മിനിറ്റിൽ എംബാപ്പെ നേടിയ ഗോളിലൂടെ മൊറോക്കോയുടെ പ്രതിരോധം തകർന്നു. തുടർന്ന് ആറുമിനിറ്റുകൾക്കകം ഒസ്മാൻ ഡെംബെലെ നേടിയ രണ്ടാമത്തെ ഗോളോടെ 2-0 എന്ന സ്‌കോറിന് ഫ്രാൻസ് വിജയം ഉറപ്പിക്കുകയായിരുന്നു.