കോഴിക്കോട്: സൂപ്പർ ലീഗ് കേരള 100 കോടിയുടെ ലൈവ് സ്ട്രീമിങ് കരാറോടെ കേരളത്തിൽ നന്നായി നടക്കുന്നു. ബംഗാൾ സൂപ്പർ ലീഗ് അവരുടെ ബ്രാൻഡ് അംബസഡറായി ജർമൻ ഫുട്‌ബോൾ ഇതിഹാസം ലോതർ മാത്തേയൂസുമായി കരാറിലെത്തുന്നു. പരമ്പരാഗത ശക്തികളായ രണ്ടു സംസ്ഥാനങ്ങളിൽ ഫുട്‌ബോളിന് ഉണർവേകുന്ന പ്രവർത്തനം വിജയകരമായി മുന്നോട്ടുപോകുമ്പോൾ രാജ്യത്തെ ഒന്നാം ഡിവിഷൻ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന് വാണിജ്യപങ്കാളിയില്ലാതെ കടുത്ത അനിശ്ചിതത്വത്തിലേക്ക് വീണ്ടും വീഴുന്നു.

To advertise here,

വാണിജ്യപങ്കാളിക്കുള്ള ടെൻഡർ സമർപ്പിക്കാനുള്ള അവസാനദിവസം കഴിഞ്ഞപ്പോൾ ആരും രംഗത്തെത്താതിരുന്നതാണ് ഫെഡറേഷനെ വെട്ടിലാക്കിയത്. ഇതോടെ ഈ സീസണിലെ ലീഗ് നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിലാകുകയും ചെയ്തു. കഴിഞ്ഞ സീസൺവരെ പങ്കാളികളായിരുന്ന എഫ്എസ്ഡിഎൽ അടക്കം നാല് കമ്പനികൾ പ്രാഥമികഘട്ടത്തിൽ താത്‌പര്യമറിയിച്ചിരുന്നെങ്കിലും ആരും ടെൻഡർ സമർപ്പിച്ചില്ല. ഫെഡറേഷന് 35 കോടിയോളം രൂപ ഓരോ വർഷവും നൽകണമെന്ന നിബന്ധനയാണ് കമ്പനികളെ പിന്നോട്ടടിപ്പിച്ചതെന്നാണ് സൂചന. വീണ്ടും നടപടികൾ നടത്തി വാണിജ്യപങ്കാളിയെ കണ്ടെത്താൻ കാലതാമസമെടുക്കുമെന്നിരിക്കെ ലീഗ് മുൻപ്‌ നിശ്ചയിച്ചതുപോലെ ഡിസംബറിൽ നടക്കാൻ സാധ്യതയില്ല.

ക്ലബ്ബുകളുടെ നിലപാട്

കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ മോഹൻബഗാൻ തങ്ങളുടെ ഫുട്‌ബോൾ പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്. നേരത്തേ അനിശ്ചിതത്വമുണ്ടായപ്പോൾ ചെന്നൈയിൻ എഫ്‌സി, ഒഡിഷ എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി ടീമുകൾ ഫുട്‌ബോൾ പ്രവർത്തനം വെട്ടിച്ചുരുക്കിയിരുന്നു. ബഗാന്റെ വഴി മറ്റ് ക്ലബ്ബുകൾ പിന്തുടർന്നാൽ ഇന്ത്യൻ ഫുട്‌ബോൾ വലിയ പ്രതിസന്ധിയിലേക്കാകും നീങ്ങുന്നത്.

നഷ്ടലീഗ്

കഴിഞ്ഞ 11 സീസണുകളിലായി സൂപ്പർ ലീഗ് നടക്കുന്നുണ്ടെങ്കിലും ഇതുവരെ ക്ലബ്ബുകൾക്ക് ലാഭമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സംഘാടകരും ലാഭത്തിന്റെ കണക്ക് പറയുന്നില്ല. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് നിശ്ചിത തുക എല്ലാ വർഷവും ലഭിക്കുന്നുണ്ടുതാനും.

സ്റ്റേഡിയത്തിലേക്കെത്തുന്ന കാണികളുടെ എണ്ണത്തിലും ടെലിവിഷൻ വ്യൂവർഷിപ്പിലും വലിയ കുറവാണ് അടുത്തിടെയുണ്ടായത്. ക്ലബ്ബുകൾക്ക് ലഭിക്കുന്ന സ്‌പോൺസർഷിപ്പിലും കുറവുണ്ടായി. ഐഎസ്എൽ പ്രതിസന്ധി ഗ്രാസ് റൂട്ട് പ്രവർത്തനത്തെയും ദേശീയ ടീമിനെയും നേരിട്ട് ബാധിക്കും. ഐഎസ്എൽ ക്ലബ്ബുകളാണ് രാജ്യത്ത് ഗ്രാസ് റൂട്ട് തലത്തിൽ കൂടുതൽ പ്രവർത്തനം നടത്തുന്നത്.

എട്ട് ടീമുകൾ കളിച്ച 2014-ലെ ആദ്യസീസണിൽ 25,408 ആയിരുന്നു ശരാശരി കാണികൾ. കഴിഞ്ഞ സീസണിൽ 11,870 ആയി കുറഞ്ഞു

2014-ൽ 42.9 കോടിയായിരുന്നു ടെലിവിഷൻ വ്യൂവേഴ്‌സ്. കഴിഞ്ഞ സീസണിലിത് 13 കോടിയായി കുറഞ്ഞു.

ടീം പ്രവർത്തനം നിർത്തിവെച്ച് ബഗാൻ

ഐഎസ്എലിന് വാണിജ്യപങ്കാളിയെ കണ്ടെത്തുന്നതിൽ പ്രതിസന്ധിവന്നതോടെ കൊൽക്കത്ത വമ്പന്മാരായ മോഹൻബഗാൻ ടീമിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ലീഗിന്റെ കാര്യത്തിൽ വ്യക്തതവന്നതിനു ശേഷമാകും ക്യാമ്പ് അടക്കമുള്ള കാര്യങ്ങൾ പുനരാരംഭിക്കുന്നത്. ലീഗ് ജനുവരി മധ്യത്തോടെയെങ്കിലും തുടങ്ങുമെന്ന് പ്രതീക്ഷയില്ലെന്നാണ് ബഗാൻ ഭാരവാഹി പ്രതികരിച്ചത്.