കൊല്‍ക്കത്ത: ആവേശകരമായ സെമിപോരാട്ടത്തിനൊടുക്കം ബെംഗളൂരു എഫ്.സി യെ കീഴടക്കി മോഹന്‍ ബഗാന്‍ ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (4-3) ബഗാന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടുഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. രണ്ടുഗോളുകള്‍ക്ക് പിന്നിലായതിന് ശേഷമാണ് ബഗാന്‍ അവിശ്വസനീയമായി തിരിച്ചുവന്നത്. ഓഗസ്റ്റ് 31-ന് നടക്കുന്ന ഫൈനലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബഗാന്റെ എതിരാളികള്‍. 

To advertise here,

സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്കില്‍ തുടക്കം മുതല്‍ ആക്രമണഫുട്‌ബോള്‍ പുറത്തെടുത്താണ് മോഹന്‍ ബഗാന്‍ കളിച്ചത്. ലിസ്റ്റണ്‍ കൊളാസോയും സഹല്‍ അബ്ദുള്‍ സമദും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ഗോള്‍ മാത്രം അകന്നുനിന്നു. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനം ബെംഗളൂരു ലക്ഷ്യം കണ്ടു. 43-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സുനില്‍ ഛേത്രിയാണ് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതി ഒരു ഗോളിന് ബെംഗളൂരു മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബഗാന്‍ വീണ്ടും ഞെട്ടി. 51-ാം മിനിറ്റില്‍ വിനീത് വെങ്കടേഷിലൂടെ ബെംഗളൂരു ലീഡ് രണ്ടാക്കി ഉയര്‍ത്തി. പിന്നാലെ ഗ്രെഗ് സ്റ്റിവാര്‍ട്ടിനേയും ആശിഷ് റായിയേും കളത്തിലിറക്കി ബഗാന്‍ മുന്നേറ്റം ശക്തമാക്കി. പിന്നാലെ 68-ാം മിനിറ്റില്‍ ബഗാന്‍ തിരിച്ചടിച്ചു. പെനാല്‍റ്റിയിലൂടെ പെട്രറ്റോസാണ് വലകുലുക്കിയത്. സമനിലഗോളിനായി ആക്രമണം തുടര്‍ന്ന ബഗാന്‍ 85-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. അനിരുദ്ധ് ഥാപ്പയാണ് സമനിലഗോള്‍ നേടിയത്. അതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ നാല് കിക്ക് ബഗാന്‍ വലയിലെത്തിച്ചപ്പോള്‍ ബെംഗളൂരുവിന് മൂന്നെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ.