ഗ്ലാസ്‌ഗ്ലോ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ലിവര്‍പൂളിന്റെ സൂപ്പര്‍താരം മുഹമ്മദ് സല. ചാമ്പ്യന്‍സ് ലീഗില്‍ അതിവേഗത്തില്‍ ഹാട്രിക്ക് നേടുന്ന താരം എന്ന റെക്കോഡാണ് സല സ്വന്തമാക്കിയത്. റേഞ്ചേഴ്‌സിനെതിരായ മത്സരത്തിനിടെയാണ് സല റെക്കോഡിട്ടത്. 

To advertise here,

മത്സരത്തിന്റെ 75, 80, 81 മിനിറ്റുകളിലാണ് സല ഗോളടിച്ചത്. ഹാട്രിക്ക് നേടാന്‍ സല വെറും ആറുമിനിറ്റും 12 സെക്കന്‍ഡും മാത്രമാണെടുത്തത്. പകരക്കാരനായി വന്നാണ് താരം അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയത്. ഇതോടെ ഒളിമ്പിക് ലിയോണിന്റെ ബഫെറ്റിംപി ഗോമിസ് കൈവശം വെച്ച റെക്കോഡ് തകര്‍ന്നു. എട്ട് മിനിറ്റെടുത്താണ് ഗോമിസ് ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് തികച്ചത്. 2011 ജൂലായ് 12 ന് ഡൈനാമോ സാഗ്രെബിനെതിരായ മത്സരത്തിനിടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 

മത്സരത്തില്‍ സലയുടെ ഹാട്രിക്ക് മികവില്‍ ലിവര്‍പൂള്‍ ഒന്നിനെതിരേ ഏഴുഗോളുകള്‍ക്ക് റേഞ്ചേഴ്‌സിനെ തകര്‍ത്തു. സലയ്ക്ക് പുറമേ റോബര്‍ട്ടോ ഫിര്‍മിനോ ഇരട്ടഗോള്‍ നേടിയപ്പോള്‍ ഡാര്‍വിന്‍ ന്യൂനസും ഹാര്‍വി എലിയട്ടും ഓരോ ഗോള്‍ വീതം നേടി. ഈ വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി ലിവര്‍പൂള്‍ ഗ്രൂപ്പ് എ യില്‍ രണ്ടാമതെത്തി. നാല് വിജയങ്ങളുള്ള നാപ്പോളിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.